Tuesday, May 29, 2007

രസതന്ത്ര മാംഗല്യം

കവിതകളെ ഇഷ്ടപ്പെടുന്ന ഒരുകെമിസ്ട്രി ടീച്ചർ തന്റെ നഷ്ടപ്രണയവും വിവാഹവും ഒരുകവിതയിലൂടെ കുറിക്കാൻ ശ്രമിക്കുകയും യോജിച്ചവാക്കുകൾ കിട്ടാതെവന്നപ്പോൾ കെമിസ്ട്രിയിലെ പരിചിതനാമങ്ങൾ പകരംചേർത്ത് മുഴുമിപ്പിക്കയും ചെയ്യുന്നു. അല്ലെങ്കിലും ഭാഷ ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കല്ലേ ഒഴുകുന്നത്. വാക്കുകൾ മാറിയാലും അർത്ഥം മനസ്സിലായാൽ പോരേ.
മൂലകങ്ങൾ പരിചയമില്ലാത്തവർക്ക് അതിലെ ധ്വനിമാത്രമേ മനസ്സിൽ വരികയുള്ളൂ, അവർക്ക് ഇത് എളുപ്പം മനസ്സിലാവുകയും ചെയ്യും.



കവിതയെസ്നേഹിച്ച കെമിസ്റ്റ്രിടീച്ചർ
******രംഗം - 1 **********
മലയാളമണ്ണിതിൻ മദ്ധ്യത്തിൽ ഒരു കൊച്ചു
മലയോരം ചേർന്നൊരു ഗ്രാമഭൂവിൽ
കളിയാടും ആമോദം ഐശ്വര്യവും ചെമ്മേ
വിളയാടി നിൽക്കുന്ന തീരഭൂവിൽ

സുരലോകം തോൽക്കുമീ ഭൂമിയിൽ ജീവിക്കും
ഒരു മുഗ്ദകന്യയാണിവളെങ്കിലും
ഒരുവിധം കേമമായ് രസതന്ത്രത്തിൽ നല്ല
ബിരുദവും കൈമുതലുണ്ടെങ്കിലും

അതിയായി മലയാളകവിതയെ സ്നേഹിക്കും
അതിലോലലോലയാണിവളെങ്കിലും
ഒരുനേരമെങ്കിലും ഒരുപദ്യമെഴുതുവാൻ
ഒരുപാടുമോഹങ്ങളുണ്ടെങ്കിലും

മലയാളം അറിയില്ലെന്നൊരുകാര്യം കൊണ്ടെന്നും
പലവട്ടം പതിവായി പിന്തിരിഞ്ഞു
മനസ്സിൽ വന്നണയുന്ന രസതന്ത്രസംജ്ഞകൾ
മനമെല്ലാം കളിയാടീ കവിതപോലെ

രസതന്ത്രം മാത്രം പഠിച്ചും പഠിപ്പിച്ചും
അസുലഭദിവസങ്ങൾ തള്ളിനീക്കേ
രമണീയമായോരോ സ്വപ്നങ്ങളും കണ്ടു
കമനീയരാവുകൾ തള്ളിനീക്കേ

ഒരുദിനം കണ്ടൊരു ലീലാവിലോലനെ
ഒരുനിഴൽപോലെൻ്റെ മാർഗ്ഗമദ്ധ്യേ
അനുദിനമെന്തിനേ പിന്തുടരുന്നെന്നെ
അനവധിനിനവുകൾ പൊങ്ങിവന്നു...............

*************രംഗം 2 ********

അനുദിനമെന്തേയനുഗമനം?
അനുധാവനമിതു സന്ദേശം?
മധുരം ശകലം ചാലിച്ചെഴുതി
അധരം നിറയേ പുഞ്ചിരിതീർത്തു

“നാമതെന്തേ“ എന്നുരചെയ്തു
കോമളരൂപൻ സൗമ്യതയോടെ
വാരൊളിതൂകും നീൾമിഴിനോക്കി
അരികിൽനിന്നൂ എന്മൊഴിതേടി

പേരതുചൊല്ലീ ഊരതുചൊല്ലീ
പരിചിതരായീ തമ്മിൽത്തമ്മിൽ
മഹിമയ്ക്കായി കൂടെച്ചൊല്ലീ
“സ്നേഹിക്കുന്നൂ കവിതകളെ ഞാൻ“

പൊളിവചനങ്ങൾ മേമ്പൊടിചേർത്തു
കളിവചനങ്ങൾ ചിലതുപറഞ്ഞും
ഉലകവിശേഷം വീട്ടുവിശേഷം
പലതുപറഞ്ഞവരൊത്തുനടന്നു

പിരിയുംനേരം തങ്ങിയതെൻ മന-
താരിൽ മധുരിതനിനവതുപോലെ
സലിലം പൊഴിയും നീലനിശീഥം
നിലാവുവിരിയും നിർനിദ്രയാമം

പലവുരുകണ്ടു പലകുറികേട്ടൂ
അലതല്ലിടുമെന്നകതളിരിതളിൽ
വിലോലമൊരുമുഖം ഒരുമൃദുവാക്യം
നലമൊടുനെയ്തു ഒരുനവസ്വപ്നം

ദിനയാമിനികൾ മാറിമറഞ്ഞൂ
മാനസലോലൻ പതിവായ് വന്നൂ
പരസ്പരപ്രേമം വെറുതേമൂകം
ഇരുഹൃദയങ്ങൾക്കുള്ളിലിരുന്നു.

*********രംഗം 3 **********

കാമനകളോരോന്നു ലാളിച്ചിരിക്കെ
വ്യാമോഹമാണിതെന്നോർത്തുപോയിന്നു ഞാൻ
താതനേയോർത്തുഞാൻ സോദരന്മാരെയും
മാതാവിനെ,പ്പിന്നെ ബന്ധുമിത്രാദിയെ

പെറ്റുവീണന്നുതൊട്ടിന്നേവരേയെന്നെ
യേറ്റം വളർത്തിയ മാതുലന്മാരെയും
അമ്മൂമ്മയെ, പിന്നെയെൻപേർക്കുമാത്രമായ്
സമ്മാനമായ്ത്തന്ന കേദാരഭൂമിയെ

കൈവളരുമ്പോഴും കാൽവളരുമ്പോഴും
യൗവ്വനം ഞാനിന്നുപുൽകും വരേക്കുമേ
എന്നേ വളർത്തിയ മാതുലന്മാരെത്ര
പൊന്നുംകിനാവുകൾ കണ്ടിരിക്കാം

അംഗീകരിക്കുകില്ലവരെൻ്റെ ദേവനെ
ഭംഗുരം തന്നെയാണെൻ മൂകരാഗം
നഷ്ടപ്പെടാമെൻ്റെയാസ്തിയും പിന്നെന്നെ-
യിഷ്ടപ്പെടുന്നൊരീ ബന്ധുമിത്രാദിയും

ഞെട്ടറ്റുപോയിതാ വീഴട്ടെയെൻ രാഗം
വീട്ടുകാർ തന്നിഷ്ടമെൻഭാഗധേയം
“അനിയത്തിപ്രാവു“ പോലയെങ്കിലെൻ പ്രേമം
മനതാരിലാരോ മൂകംകരഞ്ഞൂ

മനമാകെ വിങ്ങിക്കിടന്നോരു ചിന്തകൾ-
ക്കിനിമയാം വാക്കുകൾ തേടിഞാനും
ഈവർജ്ജ്യരാഗവും ഇതിനന്ത്യരംഗവും
കവിതയായ് ഞാനിന്നുതാളിലാക്കി .............

*******രംഗം 4 **************

പൂത്തിരുവാതിരാ യാമിനിയിൽ
പുത്തിലഞ്ഞിതൻ തിരുനടയിൽ
നക്ഷത്രദീപങ്ങൾ നിറമാലചാർത്തുന്ന
ചന്ദനശീതളമംഗളയാമത്തിൽ

മാതുലൻ പോറ്റിയൊരാനോഡിലെ
കാതരയായൊരു കാഥോഡിനു്
പൂത്താലി ചാർത്തുന്നു പ്ളൂട്ടോണിയം
പൗർണ്ണമിത്തിങ്കളെ സാക്ഷിനിർത്തി

ആൽക്കലിപ്പൂച്ചെണ്ടു നീട്ടിനിൽക്കും
നൽക്കതിർത്തുമ്പിലെ സൾഫേറ്റുകൾ
വരവേൽപ്പിനെത്തുന്നു വനേഡിയം
സുരലോകമാലാഖ സിർക്കോണിയം

തുള്ളിത്തുളുമ്പുന്ന ടെസ്റ്റ്യൂബിലും
ഉള്ളത്തിലെരിയുന്നൊരമ്ലത്തിലും
തോറിയം ചാർത്തുന്നു തോരണങ്ങൾ
ബേറിയം പേറുന്നു നൊമ്പരങ്ങൾ

നുരയിട്ടുചിന്തുന്ന ബ്യൂറെറ്റിലും
നിഴൽ മൂടിനിൽക്കും പിപ്പെറ്റിലും
തരളിതയായൊരീ ബോറോണിലും
മരതകം ചിന്തുന്ന ഫോസ്ഫേറ്റിലും

സോഡിയം തേടുന്നു ഹാലൈഡുകൾ
റുബിഡിയം തേടുന്നു സൾഫൈഡുകൾ
കോമരം തുള്ളുന്നു ക്ളോറൈഡുകൾ
ഹൃദയം നുറുങ്ങിയ ഹൈഡ്രൈഡുകൾ

ഓലോലമൊഴുകുന്നു ഓക്സൈഡുകൾ
ഈ കാറ്റിലലിയുന്നു കാർബൈഡുകൾ
പൊട്ടിത്തകർന്നതീ പൊട്ടാസ്യമോ
പൊട്ടിക്കരഞ്ഞതീ പൊട്ടസ്യമോ

No comments: