Thursday, May 31, 2007

ഒരു കൊച്ചു സ്വപ്നം

സൂര്യനും ചന്ദ്രനും വാനവും സാക്ഷിയായ്
മാരിവിൽ മേലെയോ ഊയലിൽ ആടണം 
സന്ധ്യയിൽ താരവും വന്ന സന്ധ്യാംബരം
സന്ധ്യ തൻ രാഗവും കണ്ടു ഞാനാടണം
 
മഞ്ജിമപ്പൊൻവെയിൽ രേണു  സൗവർണ്ണമായ് 
അഞ്ജലിപ്പൂക്കളായ്  മുന്നിലുണ്ടാവണം 
വാടിയില്‍ നീളവേ പൂത്തു നില്‍ക്കുന്നൊരീ 
പാടലപ്പൂക്കളെപ്പോലെയുണ്ടാകണം 

മാതളപ്പൂക്കളും ചൂതകുഞ്ജത്തിലാ 
ശീതളച്ഛായയും എന്നിലുണ്ടാവണം 
ചന്ദനം തന്നിലേ ഗന്ധവും തൂകിയീ 
മന്ദമാം തെന്നലേ നീയുമുണ്ടാവണം 

തുമ്പയും തുമ്പ തന്‍ തേൻകണം ഉണ്ണുമാ 
തുമ്പിയും വണ്ടുമിങ്ങെന്നുമുണ്ടാവണം 
യക്ഷരും കിന്നരം വീണ ഗന്ധർവരും 
പക്ഷികൾ നിത്യവും പാട്ടുകൾ പാടണം 

തേനിളം ഈണമായ് ആയിരം രാഗമായ്  
ഗാനവും കാതിലായെന്നുമുണ്ടാവണം 
ഭാവനാ സാന്ദ്രമാം തീരമീ ഭൂമിയില്‍ 
താവകസ്സാധകം എന്നുമുണ്ടാവണം 

ആയിരം വർണ്ണമാലേഖനം ചെയ്‌തതാം  
മായികാ രൂപമെന്നുള്ളിലുണ്ടാവണം 
താരിളം കണ്‍കളും കാന്തികാ ദീപ്തിയും 
വാരിളം പൂക്കളെപ്പോലെയുണ്ടാവണം 

മാനസപ്പൊയ്കയില്‍ നീന്തി നീരാടിടും  
ഈ നറും സ്വപ്നമോ വീണ്ടുമുണ്ടാകണം 
മോഹന സ്വപ്നമോ തീർത്തിടും ശിൽപിയാം 
മോഹമോ ഏറെയെന്നുള്ളിലുണ്ടാവണം


വൃത്തം: സ്രഗ്വിണി
പ്രാസം : ദ്വിതീയ + അനു

Tuesday, May 29, 2007

രസതന്ത്ര മാംഗല്യം

കവിതകളെ ഇഷ്ടപ്പെടുന്ന ഒരുകെമിസ്ട്രി ടീച്ചർ തന്റെ നഷ്ടപ്രണയവും വിവാഹവും ഒരുകവിതയിലൂടെ കുറിക്കാൻ ശ്രമിക്കുകയും യോജിച്ചവാക്കുകൾ കിട്ടാതെവന്നപ്പോൾ കെമിസ്ട്രിയിലെ പരിചിതനാമങ്ങൾ പകരംചേർത്ത് മുഴുമിപ്പിക്കയും ചെയ്യുന്നു. അല്ലെങ്കിലും ഭാഷ ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കല്ലേ ഒഴുകുന്നത്. വാക്കുകൾ മാറിയാലും അർത്ഥം മനസ്സിലായാൽ പോരേ.
മൂലകങ്ങൾ പരിചയമില്ലാത്തവർക്ക് അതിലെ ധ്വനിമാത്രമേ മനസ്സിൽ വരികയുള്ളൂ, അവർക്ക് ഇത് എളുപ്പം മനസ്സിലാവുകയും ചെയ്യും.



കവിതയെസ്നേഹിച്ച കെമിസ്റ്റ്രിടീച്ചർ
******രംഗം - 1 **********
മലയാളമണ്ണിതിൻ മദ്ധ്യത്തിൽ ഒരു കൊച്ചു
മലയോരം ചേർന്നൊരു ഗ്രാമഭൂവിൽ
കളിയാടും ആമോദം ഐശ്വര്യവും ചെമ്മേ
വിളയാടി നിൽക്കുന്ന തീരഭൂവിൽ

സുരലോകം തോൽക്കുമീ ഭൂമിയിൽ ജീവിക്കും
ഒരു മുഗ്ദകന്യയാണിവളെങ്കിലും
ഒരുവിധം കേമമായ് രസതന്ത്രത്തിൽ നല്ല
ബിരുദവും കൈമുതലുണ്ടെങ്കിലും

അതിയായി മലയാളകവിതയെ സ്നേഹിക്കും
അതിലോലലോലയാണിവളെങ്കിലും
ഒരുനേരമെങ്കിലും ഒരുപദ്യമെഴുതുവാൻ
ഒരുപാടുമോഹങ്ങളുണ്ടെങ്കിലും

മലയാളം അറിയില്ലെന്നൊരുകാര്യം കൊണ്ടെന്നും
പലവട്ടം പതിവായി പിന്തിരിഞ്ഞു
മനസ്സിൽ വന്നണയുന്ന രസതന്ത്രസംജ്ഞകൾ
മനമെല്ലാം കളിയാടീ കവിതപോലെ

രസതന്ത്രം മാത്രം പഠിച്ചും പഠിപ്പിച്ചും
അസുലഭദിവസങ്ങൾ തള്ളിനീക്കേ
രമണീയമായോരോ സ്വപ്നങ്ങളും കണ്ടു
കമനീയരാവുകൾ തള്ളിനീക്കേ

ഒരുദിനം കണ്ടൊരു ലീലാവിലോലനെ
ഒരുനിഴൽപോലെൻ്റെ മാർഗ്ഗമദ്ധ്യേ
അനുദിനമെന്തിനേ പിന്തുടരുന്നെന്നെ
അനവധിനിനവുകൾ പൊങ്ങിവന്നു...............

*************രംഗം 2 ********

അനുദിനമെന്തേയനുഗമനം?
അനുധാവനമിതു സന്ദേശം?
മധുരം ശകലം ചാലിച്ചെഴുതി
അധരം നിറയേ പുഞ്ചിരിതീർത്തു

“നാമതെന്തേ“ എന്നുരചെയ്തു
കോമളരൂപൻ സൗമ്യതയോടെ
വാരൊളിതൂകും നീൾമിഴിനോക്കി
അരികിൽനിന്നൂ എന്മൊഴിതേടി

പേരതുചൊല്ലീ ഊരതുചൊല്ലീ
പരിചിതരായീ തമ്മിൽത്തമ്മിൽ
മഹിമയ്ക്കായി കൂടെച്ചൊല്ലീ
“സ്നേഹിക്കുന്നൂ കവിതകളെ ഞാൻ“

പൊളിവചനങ്ങൾ മേമ്പൊടിചേർത്തു
കളിവചനങ്ങൾ ചിലതുപറഞ്ഞും
ഉലകവിശേഷം വീട്ടുവിശേഷം
പലതുപറഞ്ഞവരൊത്തുനടന്നു

പിരിയുംനേരം തങ്ങിയതെൻ മന-
താരിൽ മധുരിതനിനവതുപോലെ
സലിലം പൊഴിയും നീലനിശീഥം
നിലാവുവിരിയും നിർനിദ്രയാമം

പലവുരുകണ്ടു പലകുറികേട്ടൂ
അലതല്ലിടുമെന്നകതളിരിതളിൽ
വിലോലമൊരുമുഖം ഒരുമൃദുവാക്യം
നലമൊടുനെയ്തു ഒരുനവസ്വപ്നം

ദിനയാമിനികൾ മാറിമറഞ്ഞൂ
മാനസലോലൻ പതിവായ് വന്നൂ
പരസ്പരപ്രേമം വെറുതേമൂകം
ഇരുഹൃദയങ്ങൾക്കുള്ളിലിരുന്നു.

*********രംഗം 3 **********

കാമനകളോരോന്നു ലാളിച്ചിരിക്കെ
വ്യാമോഹമാണിതെന്നോർത്തുപോയിന്നു ഞാൻ
താതനേയോർത്തുഞാൻ സോദരന്മാരെയും
മാതാവിനെ,പ്പിന്നെ ബന്ധുമിത്രാദിയെ

പെറ്റുവീണന്നുതൊട്ടിന്നേവരേയെന്നെ
യേറ്റം വളർത്തിയ മാതുലന്മാരെയും
അമ്മൂമ്മയെ, പിന്നെയെൻപേർക്കുമാത്രമായ്
സമ്മാനമായ്ത്തന്ന കേദാരഭൂമിയെ

കൈവളരുമ്പോഴും കാൽവളരുമ്പോഴും
യൗവ്വനം ഞാനിന്നുപുൽകും വരേക്കുമേ
എന്നേ വളർത്തിയ മാതുലന്മാരെത്ര
പൊന്നുംകിനാവുകൾ കണ്ടിരിക്കാം

അംഗീകരിക്കുകില്ലവരെൻ്റെ ദേവനെ
ഭംഗുരം തന്നെയാണെൻ മൂകരാഗം
നഷ്ടപ്പെടാമെൻ്റെയാസ്തിയും പിന്നെന്നെ-
യിഷ്ടപ്പെടുന്നൊരീ ബന്ധുമിത്രാദിയും

ഞെട്ടറ്റുപോയിതാ വീഴട്ടെയെൻ രാഗം
വീട്ടുകാർ തന്നിഷ്ടമെൻഭാഗധേയം
“അനിയത്തിപ്രാവു“ പോലയെങ്കിലെൻ പ്രേമം
മനതാരിലാരോ മൂകംകരഞ്ഞൂ

മനമാകെ വിങ്ങിക്കിടന്നോരു ചിന്തകൾ-
ക്കിനിമയാം വാക്കുകൾ തേടിഞാനും
ഈവർജ്ജ്യരാഗവും ഇതിനന്ത്യരംഗവും
കവിതയായ് ഞാനിന്നുതാളിലാക്കി .............

*******രംഗം 4 **************

പൂത്തിരുവാതിരാ യാമിനിയിൽ
പുത്തിലഞ്ഞിതൻ തിരുനടയിൽ
നക്ഷത്രദീപങ്ങൾ നിറമാലചാർത്തുന്ന
ചന്ദനശീതളമംഗളയാമത്തിൽ

മാതുലൻ പോറ്റിയൊരാനോഡിലെ
കാതരയായൊരു കാഥോഡിനു്
പൂത്താലി ചാർത്തുന്നു പ്ളൂട്ടോണിയം
പൗർണ്ണമിത്തിങ്കളെ സാക്ഷിനിർത്തി

ആൽക്കലിപ്പൂച്ചെണ്ടു നീട്ടിനിൽക്കും
നൽക്കതിർത്തുമ്പിലെ സൾഫേറ്റുകൾ
വരവേൽപ്പിനെത്തുന്നു വനേഡിയം
സുരലോകമാലാഖ സിർക്കോണിയം

തുള്ളിത്തുളുമ്പുന്ന ടെസ്റ്റ്യൂബിലും
ഉള്ളത്തിലെരിയുന്നൊരമ്ലത്തിലും
തോറിയം ചാർത്തുന്നു തോരണങ്ങൾ
ബേറിയം പേറുന്നു നൊമ്പരങ്ങൾ

നുരയിട്ടുചിന്തുന്ന ബ്യൂറെറ്റിലും
നിഴൽ മൂടിനിൽക്കും പിപ്പെറ്റിലും
തരളിതയായൊരീ ബോറോണിലും
മരതകം ചിന്തുന്ന ഫോസ്ഫേറ്റിലും

സോഡിയം തേടുന്നു ഹാലൈഡുകൾ
റുബിഡിയം തേടുന്നു സൾഫൈഡുകൾ
കോമരം തുള്ളുന്നു ക്ളോറൈഡുകൾ
ഹൃദയം നുറുങ്ങിയ ഹൈഡ്രൈഡുകൾ

ഓലോലമൊഴുകുന്നു ഓക്സൈഡുകൾ
ഈ കാറ്റിലലിയുന്നു കാർബൈഡുകൾ
പൊട്ടിത്തകർന്നതീ പൊട്ടാസ്യമോ
പൊട്ടിക്കരഞ്ഞതീ പൊട്ടസ്യമോ

മൌന രാഗം

അറിയാവതല്ലേ 
മമ രാഗമെല്ലാം
പറയാതെ തന്നേ 
പകലെന്നപോലേ

പല നാളിതായീ 
പരതുന്നു പൊന്നേ
നലമോടെ ചൊല്ലാന്‍ 
ഒരു വാക്കിനായീ

ഗതകാലമെന്നോ 
ഉരുവായ മോഹം
അതിലന്നു മിന്നും 
ഒരു ദിവ്യ താരം

പതിവായി പിന്നേ 
സ്വയമോര്‍ത്ത രൂപം
അതു തന്നെയല്ലേ 
ഇവളെന്നു തോന്നീ।

മനതാരിലെന്നും 
സഖി നി‍ന്റെ നേത്രം
മുനയുള്ള നോട്ടം 
പകരുന്നിതെന്തോ

മധുരം തുളുമ്പും 
മകരന്ദമാണോ
മധുരാംഗമേകും 
പരവേശമാണോ

അനുരാഗമാണോ 
അവിവേകമാണോ
കനവിന്നുതീര്‍ക്കും 
സുരലോകമാണോ

ഒരു മോഹമുള്ളില്‍ 
ഉണരുന്ന നേരം
നുരയുന്നു നെഞ്ചില്‍ 
ഒരു ദിവ്യരാഗം

ഹൃദയം മലർക്കേ 
തുറന്നാകെ വെയ്ക്കാന്‍
സദയം തരില്ലേ 
നിറവാർന്ന നേരം

പനിനീരു പോലെ 
കുളിരെൻറെ നെഞ്ചില്‍
കനിവോടെ പെയ്യാന്‍ 
അരികില്‍ വരില്ലേ

ഇതളിട്ടു നില്‍ക്കും 
മലരെന്ന പോലെ
കതിരിട്ടു നില്‍പ്പൂ 
മമ മോഹ ജാലം

വൃത്തം: കമനീ

പ്രതീതികള്‍

സ്വര്‍ഗ്ഗസുന്ദര മായികം പല ജീവിതാശകളെന്നിലായ്‌ 
രാഗലോലഭരം നിമീലികകള്‍ പകര്‍ന്നൊരുവേളയില്‍ 
രമ്യമായകിനാക്കളേറെ മനം നിറഞ്ഞുതുളുമ്പിയോ 
തൂമരന്ദകണം കിനിഞ്ഞഹൃദന്തമെന്തിനുവെമ്പിയോ

മന്ദഹാസമിളംനിലാവുതിരുന്നശോഭയിലെന്നുമേ 
ഇന്ദുകാന്തമുഖപ്രസാദവുമേകിനിന്നൊരു വേളയില്‍ 
നീറിനിന്നൊരു നൊമ്പരങ്ങളെയാറ്റുവാന്‍ സുഖസാന്ത്വനം 
ഏറെയേകി മനംകുളിര്‍ന്നു സുഖംനിറഞ്ഞുപരന്നുവോ 

വാക്കിലും, പല നോക്കിലും, ചില ഭാവമെന്നതിലൂടെയും
മൂകഭാഷയിലൂടെയും പലതും പറഞ്ഞൊരുവേളയില്‍ 
കങ്കണം കളനൂപുരം മണിനാദമോ കുളിരേകിയോ 
പൂങ്കവിള്‍ത്തടഭംഗി തേന്‍കനിയായി കണ്ടുകൊതിച്ചുവോ

വാനസീമവരേയ്ക്കുമെത്തിയ മോഹവും അഭിലാഷവും 
മൌനമാം നിമിഷങ്ങളായി മറഞ്ഞുപോയൊരുവേളയില്‍ 
പ്രേമചിന്തകളോമനിച്ചു ലയിച്ചുപോയ മനസ്സിലോ 
ഹേമവർണ്ണപരാഗരേണു കലർന്നുമിന്നിമിനുങ്ങിയോ

അര്‍ത്ഥശൂന്യമിതേവിധം കനവെന്തിനേ കണികാണ്‍മു നീ വ്യര്‍ത്ഥപൂരവുമായ ചിന്തയിലെന്തിനേ മുതിരുന്നു നീ സ്വപ്നമെന്നുമൊരിക്കലും ഒരു സത്യമായ്‌ വരുകില്ലെടോ 
വേനലില്‍ മലരെന്നപോലെ കരിഞ്ഞുപോകുവതില്ലയോ 

കണ്ടുകണ്ടു കൊതിച്ചുപോയൊരു രൂപവും അഭിലാഷവും വീണ്ടുമീവിധമര്‍ത്ഥശൂന്യമനേക, ഭംഗുരചിന്തയും 
സത്യമാം പലതും മറയ്ക്കുവതിന്നുമൊപ്പമതേവിധം 
വാസ്തവത്തിനുചേര്‍‍ന്നിടാത്തൊരു മൂഢലോകവുമേകിടും 

ബാഹ്യമായൊരുമോടികണ്ടു മദിച്ചുപോയൊരു മാനസം 
സ്നേഹമാം പനിനീരണിഞ്ഞു വസന്തമെത്തിയ വാടിയായ്‌ മോഹസൂനമരന്ദമഞ്ജരിയന്തരംഗമുതിര്‍‍ക്കവേ 
ദാഹമെന്നൊരു ശില്‍പി തീര്‍‍ത്തു പലേപ്രതീതി സമുച്ചയം 

മാരിവില്ലു നഭസ്സണിഞ്ഞതു പോലെയോ മരുഭൂവിലായ്‌ 
നീരുകിട്ടുമിടം കൊതിച്ചു നടന്നുപോവതുപോലെയോ 
കാണുവാനഴകുള്ളതും ഗമനപ്രചോദനമേകിലും വീണടിഞ്ഞകിനാക്കളൊക്കെ മനസ്സടക്കിടുമെങ്കിലും

എന്തിനെന്നുമറിഞ്ഞിടാതെ, മനസ്സിലേറ്റിയൊരാഗ്രഹം 
സ്വന്തമാകുവതിന്നുമുമ്പു വരച്ചൊരീ ജലരേഖകള്‍ 
ദൂരെനിന്നൊരു നോക്കിലൂടെയളന്നതിന്നുമനന്തരം 
ചാരെവന്നു ഗണിച്ചുനോക്കുകിലെത്ര കൃത്യതവന്നിടും?

മാനസദ്വയമൊത്തുചേര്‍ന്നു പരസ്പരം അറിയുമ്പൊഴോ അന്നുകണ്ടുകൊതിച്ചുപോയതു, മത്രയേറെയുറച്ചതായ്‌
വിശ്വസിച്ചതു,മെത്രസാന്ത്വനമെത്രയേകിടുമെന്നപോല്‍ 
ആശ്വസിച്ചതുമായ കല്‍പനയെത്രകണ്ടു ഫലിച്ചിടും?

 

വൃത്തം : മല്ലിക

പ്രതീക്ഷ

ജീവിതം മധുരമായ കാമന പലേതിലൂടൊഴികി നീങ്ങവേ
ഭാവിയോ ശുഭകരം, പ്രതീക്ഷ വിവിധം നിറഞ്ഞുമിഹ, കണ്ടിടും
കുന്നിനോളമുളവായിടുന്ന പല മോഹമുള്ളവയിലെന്നുമേ
കൂനയോളമൊരു തുച്ച്ഛ കാമനകളെങ്കിലും മലരണിഞ്ഞിടും।
കാത്തുവെച്ചിടുവതാരുമാരുമറിയാതെയെന്‍ കരളിനുള്ളിലായ്‌
ഏതുമോഹമതിനാശ്രയിച്ചുവരുമായിരം വിവിധ ചിന്തകള്‍
നീരില്‍ വന്നു പതനം ഭവിക്കുമൊരു കല്ലു കുഞ്ഞല നിവര്‍ത്തിടും
നേരു മോഹമതു നൂറിനം വിവിധ ചിന്ത നെഞ്ചകമുണര്‍ത്തിടും
കാത്തുവെച്ചിടുവതാരുമാരുമറിയാതെയെന്‍ കരളിനുള്ളിലായ്‌
ഏതുമോഹമതിനാശ്രയിച്ചുവരുമായിരം വിവിധ ചിന്തകള്‍
ശാന്തമായി നിലകൊണ്ടഭാഗമതിലീതരംഗമതു പോലവേ
എന്തിതെന്തു ചലനങ്ങളാണു മനതാരിലീ കനവു തീര്‍പ്പതായ്‌


വൃത്തം : കുസുമ മഞ്ജരി

സ്മേരം

അമ്പിളിപ്പാലൊളിത്തൂവെണ്‍മയോ, നി-
ന്നാമ്പല്‍പ്പൂമുഖപ്പുഞ്ചിരി തൂകി നില്‍പ്പൂ
മുത്തുകള്‍ ചിന്നിച്ചിതറുന്നുവോ, എണ്റ്റെ
ഹൃത്തടം നിറ്‍വൃതിയിലാഴുന്നിതോ!
വാസന്തദേവിയ്ക്കു കാണിക്കയായ്‌
വിടറ്‍ന്നാലോലമാടുന്നതീ മലരോ,
പൂ ചൂടി നില്‍പ്പതു നീഹാര ബിന്ദുവോ
പൂമിഴീ നിന്‍ സ്മേര നൈറ്‍മല്ല്യമോ।
മധു തേടി മൂളിപ്പറന്നെത്തിടുന്നതു
മധുപനോ മധുമതീ എന്‍ ചിന്തയോ