ഷോഡശപ്രാസത്തിലെഴുതിയ ഒരു പദ്യമാണിത്. കൂട്ടക്ഷരം 'ന്ത' യാണ് പ്രാസത്തിനെടുത്തിരിക്കുന്നത്. എഴുതിത്തുടങ്ങുമ്പോൾ ലക്ഷ്യങ്ങൾ രണ്ടായിരുന്നു
1. ആകൃതിയിൽ നീട്ടിയെഴുതാതെ ഒരു വരിയിൽ 4 ഗണം മാത്രം. ഒരു വരിയിൽ 21 ലും അധികം അക്ഷരങ്ങൾ വരുന്ന വൃത്തങ്ങളാണ് ആകൃതിയിൽ പെടുന്നത്
2. സ്വരഭേദം വരുത്താതെ ഉപയോഗിക്കുക. ന്ത എന്നുറപ്പിച്ച അവസ്ഥയ്ക്ക് ചിന്തുക, മുന്തിയ എന്നൊന്നും എഴുതാൻ പാടില്ല. അവിടെ ന്ത മാറി ന്തി, ന്തു എന്നൊക്കെ ആവുന്നുണ്ടല്ലോ.
അപ്പോ ഓരോ വരിയിലും ഉള്ള 12 അക്ഷരങ്ങളിൽ 4 എണ്ണം ഷോഡശപ്രാസത്തിനു വേണ്ടി ന്ത കൊണ്ടു പോയി, ബാക്കി 8 അക്ഷരങ്ങളേ ഓരോ വരിയിലും എനിക്കെഴുതേണ്ട കാര്യമുള്ളൂ. ഒരു പക്ഷെ ഷോഡശപ്രാസത്തിനുപയോഗിക്കാവുന്ന ഏറ്റവും ചുരുങ്ങിയ നീളവും ഇതായിരിക്കും.
മനപ്പൂർവ്വം ഗണം തിരിച്ചെഴുതിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വായിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടണമെന്നില്ല.
കാന്തനേ കാന്തനും പ്രാന്തമോ ധ്വാന്തവും
ശാന്തമാ ചിന്തനാ നന്തരം ക്രാന്തമായ്
സന്തതം തന്തലാ ശാന്തമായ് ഭ്രാന്തമായ്
കാന്തയോ ഹന്തയ ത്യന്തമോ താന്തയായ്
വൃത്തം: സ്രഗ്വിണി
ഇനി ഇതിനെ പദം പിരിച്ച് എഴുതിത്തരാം
കാന്തൻ ഏകാന്തനും പരിസരമാണെങ്കിൽ ഇരുട്ടു വീണതും - ഇനി ഈ ചിന്തയുടെ ഗതി നോക്കാം
ശാന്തമായ ചിന്തന അനന്തരം ക്രാന്തമായി - കടന്നു ചിന്തിച്ചാണല്ലോ എപ്പോഴും പ്രശ്നമാരംഭിക്കുന്നത്
സന്തതം - അതും ഒരു തവണയല്ലല്ലോ, ചിന്തിച്ചുകൊണ്ടേയിരിക്കുകയല്ലേ.
തൻ തല അശാന്തമായി - സ്വാഭാവികം, അത് അങ്ങനെയല്ലേ വരൂ
ഭ്രാന്തമായി - പിന്നീട് ചിന്തകളിൽ യുക്തിയുണ്ടാവില്ലല്ലോ
കാന്ത ഹന്ത! ഹോ എന്തു പറയാൻ
അത്യന്തമായി താന്തയായി - രക്തസമ്മർദ്ദം കൂടിയതാ.