Thursday, January 1, 2009


നീലം വര്‍ണ്ണം നിതാന്തം നിറയുമവിടെയാഴം സ്വതേ കൂടുമെങ്കില്‍
നീലാഭം പൂകുമേതും അതിഗഹനമതാണെന്നു ചൊല്ലാവതല്ലേ
ശൂന്യാകാശം സുതാര്യം നിറമൊരുവക നിശ്ശേഷമില്ലാഞ്ഞുപോലും
എന്നും ആകാശമാനീല നിറമണിയുവാന്‍ കാരണം ആഴമല്ലേ

നിസ്സംഗം വര്‍ണ്ണമേതിന്നുമതിലെ ജലമെന്നും പുലര്‍ത്തുന്ന നേരം
കാസാരം നീലവര്‍ണ്ണം ഉപരിതലനിറം പോലെ കൈക്കൊള്ളുവാനും
ആഴിയ്ക്കും നീരിലെന്നും നിറലയമതുകൈവന്നതിന്‍ ഹേതു പോലും
ആഴം കൂടുന്നിടം നീല നിറമണിയുമെന്നുള്ളൊരാ തത്വമെങ്കില്‍

രമ്യം സമ്മോഹനം നിന്‍ മിഴിയിണകളിലെന്തേ പരന്നൂ മനോജ്ഞം
കാമ്യം നീലോല്‍പലങ്ങള്‍ നിറയെ കമനതൂണീരമേന്തും കണക്കേ
ആകാശത്തിന്നതേ നീല നിറമെവിടെയാഴം പ്രിയേ കൂടിനാലേ
നാകീയ സ്വപ്നമാലോല നടന രസമേകും മനസ്സിണ്റ്റെയെന്നോ


സ്രഗ്ധരയുടെ ലക്ഷണം എഴേഴായ് മൂന്നുഖണ്ഡം  മരഭനയയയം സ്രഗ്ധരാ വൃത്തമാകും എന്നാണ്.  മുകളിലെ പദ്യം ഗണം തിരിച്ചു നോക്കിയാൽ മരഭനയയയ എന്ന് തന്നെ കിട്ടും, എന്നിട്ടും എവിടെയോ എന്തോ ഒരു പിശകു പോലെ തോന്നും.  ഇതിന്റെ കാരണം യതിഭംഗം ആണ്.  എഴേഴായ് മൂന്നുഖണ്ഡം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 21 അക്ഷരങ്ങളെ മൂന്നായി ഭാഗിച്ച് 7, 14 എന്നീ സ്ഥാനങ്ങളിൽ യതി കൊടുക്കുക എന്നാണ്. യതി കൊടുത്ത് ഇതേ പദ്യം ഇങ്ങനെ മാറ്റിയെഴുതാം

നീലം വർണ്ണം നിതാന്തം നിറയുമവിടമോ ആഴമേറുന്നുവെങ്കിൽ
നീലാഭം പൂകുമേതും അതിഗഹനതരം തന്നെയോ ചൊല്ലിടാവൂ
ശൂന്യാകാശം സുതാര്യം നിറമൊരുവകയും ഒട്ടുമില്ലാഞ്ഞു പോലും
എന്നും ആ നീല വർണ്ണം പുണരുവതിനുമേ കാരണം ആഴമല്ലേ

നിസ്സംഗം വർണ്ണമില്ലാ, തെളിജലമുറയും സർവ്വ കാലത്തുമെന്നാൽ
കാസാരം നീല വർണ്ണം ഉപരിതലനിറം പോലെ കൈക്കൊള്ളുവാനും
ആഴിക്കും നീരിലെന്നും നിറലയമതു കൈ വന്നതിൻ ഹേതു പോലും
ആഴം കൂടുന്നിടം തൻ നിറമതു തനിയേ നീലയാകുന്ന തത്വം

രമ്യം സമ്മോഹനം നിൻ മിഴിയിണകളിലും വന്നിതെന്നോ മനോജ്ഞം
കാമ്യം നീലോൽപലങ്ങൾ നിറയെ കരുതുമാ കാമതൂണീരവും പോൽ
ആകാശത്തിന്നതേപോൽ ഗഹനതരനിറം ആഴമെന്തിൻറെയാണോ
നാകീയം സ്വപ്നമേതോ  പ്രിയതരനടനം കൊള്ളുമാ ചിത്തമോടോ

വൃത്തം: സ്രഗ്ദര