Wednesday, March 6, 2013

ദാസവിലാസം

പിള്ള സാറിന്‌ പുതിയൊരു ചുമതല കൂടി കിട്ടി. ഫാക്ടറിയിലെ ആക്രിയ്ക്ക്‌ കൊടുക്കാന്‍ വേണ്ടി മാറ്റിയിട്ടിരിക്കുന്ന സാധനങ്ങള്‍ എത്രയും പെട്ടെന്ന് വിറ്റൊഴിവാക്കണം. ആക്രി കച്ചവടമായതു കൊണ്ട്‌ കാശ്‌ കൈയ്യൊടെ വാങ്ങണം. പിള്ള സാര്‍ ഉഷാറായി, ഏറ്റവും കൂടിയ വിലയ്ക്ക്‌ രൊക്കം കാശും തന്ന് സാധനം വാങ്ങാന്‍ തയാറുള്ള ആക്രിയേയും തപ്പിത്തുടങ്ങി. പലരും പിള്ള സാറിനെ വിളിച്ച്‌ തുകയും പറഞ്ഞു തുടങ്ങി. അതിലൊരുത്തനുമായി പിള്ള സാര്‍ ഏതാണ്ട്‌ കൊടുക്കാം വാങ്ങാം എന്നൊരു ധാരണയുമായി. കാശുമായി വന്നു നേരില്‍ കാണാന്‍ പിള്ള സാര്‍ ആക്രിയോട്‌ പറയുകയും ചെയ്തു. അങ്ങനെ പിള്ള സാറിന്റെ മനസ്സില്‍ ഒരു ആക്രിയും അയാള്‍ പണം കൊണ്ടു വന്നു തരുമെന്ന പ്രതീക്ഷയും സ്ഥാനം പിടിച്ചു.

കച്ചറ സാധനങ്ങളെല്ലാം തന്നെ ദിവസങ്ങള്‍ക്കകം ഫാക്ടറിക്കു പുറത്തേയ്ക്ക്‌ കുട്ടപ്പനായിട്ട്‌ പോകുമെന്നും അങ്ങനെ തന്നെ ഏല്‍പ്പിച്ച ഏതു ജോലിയും താന്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനാവുമെന്നും പിള്ള സാര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. കൂട്ടിയിട്ടിരിക്കുന്ന കച്ചറ നോക്കി അഭിമാന പുരസ്സരം നിന്ന പിള്ള സാറിന്റെ ഫോണ്‍ ചിലച്ചു.
ബാഹുലേയനാണ്‌. ആക്രി കാശുംകൊണ്ട്‌ വന്നെന്ന് പറയാന്‍ വിളിക്കുന്നതാവും. പ്രതീക്ഷയോടെ പിള്ള സാര്‍ ഫോണെടുത്തു.

"സാറിനെ കാണാന്‍ ദാസപ്പന്‍ വന്നിട്ടുണ്ട്‌. ലക്ഷണം കണ്ടിട്ട്‌ പതിവു പല്ലവി ആണെന്ന് തോന്നുന്നു"

പിള്ള സാറിന്‌ ചൊറിഞ്ഞു വന്നു. മനസ്സില്‍ വിചാരിച്ചു "ഈയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ, മനുഷ്യനെ മെനക്കെടുത്താനായിട്ട്‌".
അപ്പോള്‍ ബാഹുലേയന്‍ വീണ്ടും പറഞ്ഞു.
"ആരോ പണം കൊണ്ടു വന്നിട്ടുണ്ട്‌"

ഇപ്പൊ പിള്ള സാറിനും സന്തോഷമായി.

"അവിടെ ഇരിക്കാന്‍ പറയൂ, ഞാനിതാ വരുന്നു."

പിള്ള സാര്‍ വേഗം ഓഫീസിലേയ്കു നടന്നു. അവിടെ ദാസപ്പന്‍ അക്ഷമനായി കാത്തു നില്‍പ്പുണ്ടായിരുന്നു. വേറെയാരെയും കണ്ടില്ല. പിള്ള സാറിന്റെ കണ്ണുകള്‍ അവിടെ മറ്റാരെയോ പരതി നടന്നു.

അതു കണ്ടു ദാസപ്പന്‍ ചോദിച്ചു

"എന്തേ"

"അല്ല, ആരോ പണം കൊണ്ടു വന്നിട്ടുണ്ടെന്ന്."
പിള്ള സാറിനെ മുഴുമിപ്പിക്കാന്‍ ദാസപ്പന്‍ വിട്ടില്ല.

"ഇത്‌ വെറും ഒരു ആരോപണമാണെന്ന് പറയരുത്‌. സത്യം സത്യമായ കാര്യങ്ങളാണ്‌"

ഇപ്പോള്‍ പിള്ള സാറിന്‌ ചിത്രം വ്യക്തമായി. ബാഹുലേയന്‍ പറഞ്ഞത്‌ ദാസപ്പന്‍ ആരോപണം കൊണ്ടു വന്നെന്നാണ്‌. അല്ലാതെ ആക്രി കാശും കൊണ്ടു വന്നെന്നല്ല.

ദാസപ്പന്‍ പറയാന്‍ പോകുന്നതെന്താണെന്നതിനെ കുറിച്ച്‌ ഒരു ഏകദേശ ധാരണ പിള്ള സാറിനുണ്ട്‌. ഒന്നുകില്‍ അന്തപ്പന്‍ അല്ലെങ്കില്‍ ജോപ്പന്‍, അതുമല്ലെങ്കില്‍ രണ്ടു പേരും കൂടി, ദാസപ്പനെ പിച്ചി, നുള്ളി അല്ലെങ്കില്‍ മാന്തി. ബാലവാടിയിലെ ടീച്ചറാണ്‌ താനെന്ന് പിള്ള സാറിനെ പലപ്പോഴും തോന്നിപ്പിക്കുന്നത്‌ ഈ അന്തപ്പനും ദാസപ്പനും ജോപ്പനും ചേര്‍ന്നാണ്‌.

ദോഷം പറയരുതല്ലോ മൂവരും തീരെ കൊച്ചു കുട്ടികളാണ്‌. ജോപ്പന്‌ 56 വയസ്സായി. അന്തപ്പന്‌ 59-ം ദാസപ്പന്‌ 60-ം വയസ്സയി. മൂവരും ലാബിലെ പരസ്പര പൂരകങ്ങളായ ത്രികോണക പാര്‍ശ്വങ്ങളാണ്‌. (ഒരു ക അധികം ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത്‌ കുറച്ച്‌ വായിച്ചാല്‍ മതി) ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ച ദാസപ്പന്‍ ജോലിയില്‍ നിന്നും വിരമിച്ചു. അതുവരെ കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി പോയിരുന്നു. ദാസപ്പന്‍ പോയതോടെ അടുത്ത കിരീടാവകാശി അന്തപ്പനായി. ഒരു കൊല്ലം അന്തപ്പന്‍ രാജ്യം ഭരിച്ച്‌ കിരീടം ജോപ്പന്‌ കൈമാറി ദാസപ്പനെപ്പോലെ സമാധാനമായി വാനപ്രസ്ഥത്തിന്‌ പോകും. പക്ഷെ അതിന്‌ ജോപ്പന്‌ ക്ഷമ പോരാ. അന്തപ്പനെ എങ്ങനെയെങ്കിലും മറികടന്നാല്‍ ഒരു കൊല്ലം മുമ്പെ കിരീടം കിട്ടുമല്ലോ. പാരകള്‍ പലവിധം വന്നു തുടങ്ങി, പരസ്പരം പാരവെപ്പുകള്‍ അപാരവെപ്പുകളായി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ സഹികെട്ട്‌ ഒരു പുതിയ തീരുമാനം പിള്ള സാര്‍ പ്രഖ്യാപിച്ചു. "പോയ ദാസപ്പനെ തിരിച്ചു വിളിക്കുന്നു". ഇതു കേട്ടതും അന്തപ്പനും ജോപ്പനും പോരു നിര്‍ത്തി സഖ്യം പ്രഖ്യാപിച്ചു. ദാസപ്പന്‍ ഇനി ഇതിനകത്ത്‌ കാലു കുത്തരുത്‌, അതിനുള്ള നീക്കങ്ങളായി.

പക്ഷെ ഇരുവരുടെയും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ല. ചെറിയൊരു ഒത്തു തീര്‍പ്പു മാത്രം, പിള്ള സാര്‍ അന്തിമ തീരുമാനം അറിയിച്ചു "ദാസപ്പന്‍ നമ്മുടെ ഉദ്യോഗസ്ഥനാവില്ല, പകരം ഒരു കണ്‍സല്‍ട്ടന്റ്‌ ആയിരിക്കും"

അന്തപ്പനും ജോപ്പനും സമാധാനിച്ചു, എന്തായാലും ഒരു കണ്‍സല്‍ട്ടന്റ്‌ അല്ലെ, അപ്പോ കിരീടം തിരിച്ചു കൊടുക്കേണ്ടി വരില്ല.

ദാസപ്പനാണെങ്കിലോ സെക്യൂരിറ്റി പണി പോലും കിട്ടാത്തതുകൊണ്ട്‌ വീട്ടില്‍ വെറുതെയിരിപ്പാണ്‌. കിട്ടിയത്‌ ലോട്ടറിയാണെന്ന് വിചാരിക്കുന്നതിനു പകരം കിരീടം എങ്ങനെ തിരിച്ചെടുക്കാം എന്നതായിരുന്നു ചിന്ത. അതുകൊണ്ട്‌ പിള്ള സാറിനോട്‌ ലാലു അലക്സിനെ പോലെ പെര്ഴ്സണലായിട്ട്‌ പറഞ്ഞു. സംഗതി കണ്‍സല്‍ട്ടന്റാണെങ്കിലും കിരീടം തിരിച്ചു വേണം.

മറുപടിയായി പിള്ള സാറിന്‌ പറയാന്‍ തോന്നിയത്‌ മധുവിന്റെ സ്ഥിരം ഡയലോഗാണെങ്കിലും തല്‍ക്കാലം ഇത്ര മാത്രം പറഞ്ഞു,
"ആദ്യം പണി നടക്കട്ടെ, കിരിടമൊക്കെ പിന്നീട്‌ തീരുമാനിക്കാം"

കണ്‍സള്‍ട്ടന്റ്‌ ആവാനുള്ള വര്‍ക്ക്‌ ഓര്‍ഡര്‍ കൈപ്പറ്റിയ ഉടനെ ദാസപ്പന്‌ അടുത്ത സംശയം.
"ഒരു മാസം എനിക്കെത്ര ലീവ്‌ കിട്ടും"

ഓ, അതു ശരി, ഒരു ജോലി കിട്ടിയിട്ട്‌ വേണമായിരുന്നല്ലേ ഇങ്ങേര്‍ക്കൊന്ന് ലീവെടുക്കാന്‍. പിള്ള സാര്‍ മനസ്സിലോര്‍ത്തു. പിന്നെ സമാധാനിപ്പിക്കും പോലെ പറഞ്ഞു.

"കമ്പനിയിലെ മറ്റു ജീവനക്കാരെപ്പോലെ ലീവ്‌ അനുവദിക്കാം."

"അതല്ല എന്റെ പ്രശ്നം, എന്റെ കോണ്‍ട്രാക്ട്‌ തീരുന്ന സമയത്ത്‌ എനിക്ക്‌ ഈ പറഞ്ഞ പോലെ കുറച്ച്‌ ലീവ്‌ ബാലന്‍സ്‌ ഉണ്ടെന്നിരിക്കട്ടെ. ഞാന്‍ പിരിഞ്ഞപ്പോള്‍ എനിക്ക്‌ ലീവ്‌ സാലറി തന്ന പോലെ കോണ്‍ട്രാക്ട്‌ തീരുമ്പോള്‍ എനിക്കത്‌ പൈസയായിത്തന്നെ തരുമോ?"

പിള്ള സാറിന്റെ മനസ്സില്‍ ഡെയിഞ്ചര്‍ ലൈറ്റ്‌ മിന്നി. പോയ ദാസപ്പനല്ല തിരിച്ചു വന്നിരിക്കുന്നത്‌. കൈക്കോട്ടിന്റെ ഒരു പുതിയ അവതാരമാണ്‌. കൊത്തുക, വലിക്കുക എന്നതില്‍ കവിഞ്ഞ്‌ വേറെ ചിന്തയൊന്നുമില്ല.

"കോണ്‍ട്രാക്ടില്‍ കണ്‍സോളിഡേറ്റഡ്‌ പേ എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതുകൊണ്ട്‌ കൂടുതലൊന്നും ചോദിക്കേണ്ട."

അങ്ങനെ പണി തുടങ്ങുന്നതിന്റെ ആദ്യ പടിയായി ദാസപ്പന്‍ ലാബിലെത്തി. അവിടെയുള്ള സകലമാന ആള്‍ക്കാരേയും മിലിട്ടറി സ്റ്റെയിലില്‍ നിരത്തി നിര്‍ത്തി പറഞ്ഞു.

"ഞാന്‍ തിരിച്ചെത്തി. ഞാന്‍ പോയപ്പോള്‍ ചിരിച്ചവനെയും സന്തോഷിച്ചവനെയും എനിക്കറിയാം. എനിക്ക്‌ നല്ലൊരു യാത്രയയപ്പും വില പിടിച്ച സമ്മാനങ്ങളും നിങ്ങള്‍ തന്നിരുന്നില്ല, അതും ഞാന്‍ ഓര്‍ത്തു വെച്ചിട്ടുണ്ട്‌. നിങ്ങളില്‍ എത്ര പേര്‍ ഇനി ഇവിടുന്നങ്ങോട്ട്‌ സമാധാനമായിട്ടിരിക്കും എന്ന് നമുക്ക്‌ കാണാം"

ആ നിരത്തി നിര്‍ത്തിയ ആളുകളുടെയിടയില്‍ പിള്ള സാര്‍ ഉണ്ടായിരുന്നില്ലെങ്കിലും സമാധാനം പോയത്‌ പുള്ളിക്കു തന്നെയായിരുന്നു.

പിന്നീടങ്ങോട്ട്‌ അന്തപ്പനും ദാസപ്പനും യുദ്ധം തുടങ്ങി. ജോപ്പന്‍ തരം പോലെ ചിലപ്പോള്‍ ചേരി ചേരാ നയവും ചിലപ്പോള്‍ വിജയ സാദ്ധ്യതയുള്ളയാള്‍ക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. രണ്ടിലൊരാള്‍ ഔട്ടായിട്ടു വേണ്ടേ തനിക്കു കളത്തിലിറങ്ങാന്‍. അത്‌ ഏതാ ജന്മം.

ജോപ്പന്റെ ചേരിചേരാ നയം കണ്ട്‌ ഒരിക്കല്‍ പിള്ള സാര്‌ ചോദിച്ചു, "ഈ അന്തപ്പനും ദാസപ്പനും എന്തിനാ വെറുതെ വഴക്കിടുന്നത്‌?"

:ഞാന്‍ അതെപ്പറ്റി കാര്യമായിത്തന്നെ പഠിച്ചിട്ടുണ്ട്‌. അതിന്റെ റിപ്പോര്‍ട്ട്‌ വേണെങ്കില്‍ തരാം" ജോപ്പന്‍ അങ്ങനെയാണ്‌. എന്തിനെക്കുറിച്ച്‌ ചോദിച്ചാലും പറയും, അതിന്റെ സ്റ്റഡി റിപ്പോര്‍ട്ട്‌ എന്റെ കൈയ്യിലുണ്ട്‌, വേണമെങ്കില്‍ തരാം.


അങ്ങനെ ദിനംപ്രതി നടക്കുന്ന പോരിനു ശേഷം തോറ്റവന്‍ എന്നും പരാതിപ്പെട്ടിയുമായി പിള്ള സാറിനു മുന്‍പില്‍ വന്നു തുടങ്ങി. ഇന്നത്തെ ഊഴം ദാസപ്പന്റേതാണ്‌.

നീരസം മറച്ചുവെച്ച്‌ പിള്ള സാര്‍ കാര്യമന്വേഷിച്ചു. ദാസപ്പനെ രണ്ടാളുംകൂടി അവഹേളിച്ചിരിക്കുന്നെത്രെ. രാവിലെ ഒരു കസ്റ്റമര്‍ വിസിറ്റ്‌ ഉണ്ടായിരുന്നു. കസ്റ്റമര്‍ക്ക്‌ ദാസപ്പന്‍ ആദ്യം സ്വയം ലാബിന്റെ ഹെഡായി പരിചയപ്പെടുത്തി. അതു കേട്ടുകൊണ്ടു വന്ന അന്തപ്പനും ജോപ്പനും അത്‌ സുഖിച്ചില്ല. അന്തപ്പന്‍ ഉടനെ തിരുത്തിയെത്രേ.
"അതേയ്‌, കുഞ്ഞിക്കൂനനില്‍ ദിലീപ്‌ പറയും പോലെയാണ്‌ ഇങ്ങേരുടെ കാര്യം. എല്ലാവരും ഈയാളെ ഇവിടെ കണ്‍സല്‍ട്ടന്റ്‌ എന്നാണ്‌ വിളിക്കുന്നത്‌. പക്ഷെ ഈയാള്‍ സ്വയം ഈയാളെ വിളിക്കുന്നത്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നാണ്‌."

കേട്ടു നിന്ന ജോപ്പന്‍ കൂട്ടിച്ചേര്‍ത്തെത്രെ.

"തരം പോലെ ചിലപ്പോള്‍ അത്‌ ജനറല്‍ മാനേജറും ആവാറുണ്ട്‌."

ഇത്‌ ദാസപ്പന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനൊരു തീരുമാനം ഉടനടി ഉണ്ടാക്കാനാണ്‌ ഇപ്പൊ പിള്ള സാറിനു മുന്‍പില്‍ എത്തിയിരിക്കുന്നത്‌.

എല്ലാം കേട്ട്‌ പിള്ള സാറ്‌ ചോദിച്ചു.

"ആട്ടെ, എന്നിട്ട്‌ കസ്റ്റമര്‍ പോയോ?"

"ഇല്ല, മുകളില്‍ കോന്‍ഫറന്‍സ്‌ റൂമിലുണ്ട്‌. ഇത്‌ തീരുമാനമാക്കിയിട്ട്‌ വേണം മുകളിരിക്കുന്ന കസ്റ്റമറടക്കം എല്ലാ കോപ്പന്മാരോടും ചെന്ന് പറയാന്‍. ഞാന്‍ തന്നെയാണ്‌ ലാബിലെ ഹെഡ്‌."

"അല്ല ആ കസ്റ്റമറൊന്നു പോയിട്ട്‌ പോരേ"

"പോരാ പോരാ, ഇപ്പൊ തന്നെ തീരുമാനമാക്കണം. ഇത്‌ ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്‌. ഇത്‌ മാത്രമല്ല പലപ്പോഴും അവരുടെ ആക്കിയുള്ള വര്‍ത്തമാനം ഞാന്‍ കേട്ടിട്ടുണ്ട്‌. ആ അന്തപ്പന്‌ ഓണത്തിന്‌ ബോണസ്സ്‌ കിട്ടിയിട്ട്‌ വേണമെത്രെ ഒരു പുതിയ ഗ്യാലക്സി നോട്ട്‌ വാങ്ങാന്‍. ജോപ്പന്‌ എല്‍.ടി.സി. എടുത്ത്‌ ഡെറാഡൂണില്‍ പോണോത്രെ.. ഞാന്‍ വെറും ഒരു കണ്‍സല്‍ട്ടന്റ്‌ ആണെന്നും എനിക്ക്‌ ഓണത്തിന്‌ ബോണസ്സും എല്‍.ടി. സിയും ഒന്നു കിട്ടില്ല എന്നുമല്ലേ അവരുദ്ദേശിക്കുന്നത്‌. ഇത്‌ എന്നെ ഉദ്ദേശിച്ചാണ്‌, എന്നെത്തന്നെ ഉദ്ദേശിച്ചാണ്‌, എന്നെ മാത്രം ഉദ്ദേശിച്ചാണ്‌"

സി. ഐ. ഡി. മൂസയിലെ ജഗതിയെപ്പോലെ ദാസപ്പന്‍ കത്തിക്കയറി.

പിള്ള സാറിന്‌ പിടി വിട്ടു, പണ്ടു പറയാതെ വിട്ട മധുവിന്റെ ഡയലോഗ്‌ താനറിയാതെ പു
റത്തു വന്നു..
"എടാ പട്ടികളേ, നിനക്കൊന്നും മര്യാദയ്ക്ക്‌ പണിയെടുക്കാന്‍ വയ്യെങ്കില്‍ വയ്ക്കെടാ നിന്റെ രാജി, എടാ വെയ്കാാാന്‍".

ദാസപ്പന്റെ ഭാവം അതിലും പെട്ടെന്ന് മാറി. ഇത്തവണ മൊത്തം സെന്റിമെന്റ്‌സ്‌. പിള്ള സാറിന്റെ വീക്‌ക്‍നെസ്സില്‍ കയറി പിടിക്കാനുള്ള ശ്രമമാണ്‌..

"നമ്മളൊന്നുമില്ലെങ്കിലും കന്യാകുമാരിക്കാര്‌ ഒരു പരസ്‌പര സഹായ സഹകരണത്തോടെയൊക്കെ വേണ്ടേ. നിങ്ങള്‌ പൊന്മനക്കാര്‍ക്ക്‌ പേരുപോലെ തന്നെ പൊന്നിന്റെ മനസ്സാണെന്നാണ്‌ തക്കലയിലും തിരുവട്ടാറുമൊക്കെ പറയുന്നത്‌."

സാധാരണഗതിയില്‍ പിള്ള സാറ്‌ മൂക്കുംകുത്തി വീഴേണ്ടതാണ്‌. പക്ഷെ ആള്‌ മൊത്തം ചൂടിലായിരുന്നതുകൊണ്ട്‌ സംഗതി ഏശിയില്ല. .

"കന്യാകുമാരിയിലെ കാര്യമൊക്കെ അങ്ങ്‌ തമിഴ്‌നാട്ടില്‌. ഇപ്പൊ നമ്മള്‌ കേരളത്തിലല്ലേ. നിങ്ങളാദ്യം ചെന്ന് മര്യാദയ്ക്ക്‌ പണിയെടുക്കാന്‍ നോക്ക്‌".

നിരാശയോടെ പിറുപിറുത്തുകൊണ്ട്‌ ദാസപ്പന്‍ തിരിച്ചു നടന്നു.

"ഇങ്ങേര്‌ പൊന്മന പിള്ളയല്ല, കരിമന പിള്ളയെന്നുവേണം വിളിക്കാന്‍"