Friday, June 21, 2019

ഷോഡശപ്രാസം

ഷോഡശപ്രാസത്തിലെഴുതിയ ഒരു പദ്യമാണിത്‌.  കൂട്ടക്ഷരം 'ന്ത' യാണ്‌ പ്രാസത്തിനെടുത്തിരിക്കുന്നത്‌. എഴുതിത്തുടങ്ങുമ്പോൾ  ലക്ഷ്യങ്ങൾ രണ്ടായിരുന്നു
1.  ആകൃതിയിൽ നീട്ടിയെഴുതാതെ ഒരു വരിയിൽ 4 ഗണം മാത്രം.  ഒരു വരിയിൽ 21 ലും അധികം അക്ഷരങ്ങൾ വരുന്ന വൃത്തങ്ങളാണ്‌ ആകൃതിയിൽ പെടുന്നത്‌
2.  സ്വരഭേദം വരുത്താതെ ഉപയോഗിക്കുക. ന്ത എന്നുറപ്പിച്ച അവസ്ഥയ്ക്ക്‌ ചിന്തുക, മുന്തിയ എന്നൊന്നും എഴുതാൻ പാടില്ല. അവിടെ ന്ത മാറി ന്തി, ന്തു എന്നൊക്കെ ആവുന്നുണ്ടല്ലോ.

അപ്പോ ഓരോ വരിയിലും ഉള്ള 12 അക്ഷരങ്ങളിൽ 4 എണ്ണം ഷോഡശപ്രാസത്തിനു വേണ്ടി ന്ത കൊണ്ടു പോയി, ബാക്കി 8 അക്ഷരങ്ങളേ ഓരോ വരിയിലും എനിക്കെഴുതേണ്ട കാര്യമുള്ളൂ. ഒരു പക്ഷെ ഷോഡശപ്രാസത്തിനുപയോഗിക്കാവുന്ന ഏറ്റവും ചുരുങ്ങിയ നീളവും ഇതായിരിക്കും.

മനപ്പൂർവ്വം ഗണം തിരിച്ചെഴുതിയിട്ടുണ്ട്‌. അതുകൊണ്ടു തന്നെ വായിക്കുമ്പോൾ ഒരു എത്തും പിടിയും കിട്ടണമെന്നില്ല.


കാന്തനേ കാന്തനും പ്രാന്തമോ ധ്വാന്തവും
ശാന്തമാ ചിന്തനാ നന്തരം ക്രാന്തമായ്‌
സന്തതം തന്തലാ ശാന്തമായ്‌ ഭ്രാന്തമായ്‌
കാന്തയോ ഹന്തയ ത്യന്തമോ താന്തയായ്

വൃത്തം: സ്രഗ്വിണി

ഇനി ഇതിനെ പദം പിരിച്ച്‌ എഴുതിത്തരാം

കാന്തൻ ഏകാന്തനും പരിസരമാണെങ്കിൽ ഇരുട്ടു വീണതും - ഇനി ഈ ചിന്തയുടെ ഗതി നോക്കാം
ശാന്തമായ ചിന്തന അനന്തരം ക്രാന്തമായി - കടന്നു ചിന്തിച്ചാണല്ലോ എപ്പോഴും പ്രശ്നമാരംഭിക്കുന്നത്‌

സന്തതം - അതും ഒരു തവണയല്ലല്ലോ, ചിന്തിച്ചുകൊണ്ടേയിരിക്കുകയല്ലേ.

തൻ തല അശാന്തമായി - സ്വാഭാവികം, അത്‌ അങ്ങനെയല്ലേ വരൂ

ഭ്രാന്തമായി - പിന്നീട്‌ ചിന്തകളിൽ യുക്തിയുണ്ടാവില്ലല്ലോ

കാന്ത ഹന്ത! ഹോ എന്തു പറയാൻ

അത്യന്തമായി താന്തയായി - രക്തസമ്മർദ്ദം കൂടിയതാ.

Monday, April 4, 2016



ശ്വേതമാർന്ന ദലങ്ങളും നലമൊത്തു നീർത്തി വിടർത്തിയും
ഊതവർണ്ണമലിഞ്ഞ കേസര തന്തുവുണ്ടതിനുള്ളിലും
തന്തു തോറുമിതെന്തു ഭംഗിയിലുണ്ടു തങ്ക പരാഗമായ്‌
നേർത്ത പൂത്തിരി കോർത്തു വെച്ചതു പൂത്തു നിൽപ്പതു കണ്ടുവോ



മൂന്നാമത്തെ വരിയിൽ പന്ത്രണ്ടാമത്തെ അക്ഷരം 'ണ്ട' എന്നു വന്നത്‌ മറ്റു വരികളിലെ പോലെ 'ത' കാരത്തിലെത്തിക്കുന്നതിന്‌ മാറ്റിയെഴുതുന്നു.

ശ്വേതമാർന്ന ദലങ്ങളും നലമൊത്തു നീർത്തി വിടർത്തിയും
ഊതവർണ്ണമലിഞ്ഞ കേസര തന്തുവുണ്ടതിനുള്ളിലും
തന്തു തോറുമിതൂർന്നു നിൽക്കുവതെന്തു തങ്ക പരാഗമായ്‌
നേർത്ത പൂത്തിരി കോർത്തു വെച്ചതു പൂത്തു നിൽപ്പതു കണ്ടുവോ

Monday, January 6, 2014

Bokeh photography with point and shoot cameras

Normal digital cameras (other than professional) are meant for personal photography where there is little room for creativity.  The camera shoots whatever comes into its focus that is seen/displayed through the LCD display as such.  In the normal course, if an object is placed in a fair distance and its close up photo is taken, the background shall also be visible.  But if the same picture is captured with the help of a professional camera, its background can be easily made blurred.  By making the background blurred, the attention is drawn to the subject in photo and background shall become soft.  Even if the background where the picture was taken didn’t have aesthetic sense, since it is never focused, the picture shall look beautiful.  Such photos are believed to be the monopoly of professional cameras but how many of us know that even our handy personal cameras are capable of capturing bokeh photos. In fact many of us are unknowingly taking bokeh photos, but we never knew how it came and are ignorant to make it intentionally.

First and Best method
The first and foremost requirement for a bokeh is set an aperture value as low as possible. Anything less than f5.0 will make a bokeh image theoretically. Make the camera into manual mode, set the aperture value as low as possible, the shutter speed at the maximum, and ISO and 100+.  Depending on the light available, the shutter speed should be decreased.  You’ll reach an optimum point where your shutter speed is in perfect match with the aperture value and ISO.     

Take the example of this photo.

Aperture value is f4.4 Shutter speed 1/10 second and ISO 125.  The photo is a bit over exposed, and shutter speed is increased to 1/100 seconds.  Now the background is in dark, picture is sharp. 



Second method
We can use the pre-set option sports and then take the photo.  In most cases the f value, ISO and shutter speed are automatically set by the camera in such a manner that bokeh images emerge.

Third method
Use the option ISO, enable close focus, and then shoot the subject either at close range or at a distance using the full optical zoom available in your camera.  In fact even with auto mode, when the full optical zoom is utilized the background will automatically blur.  If space is never a constraint and you can move backward, the easiest way is to go the maximum distance, use its zoom fully and then focus and shoot the subject. The bokeh shall automatically emerge.
See these photos with pre-set options, where f value, and shutter speed were known to me only after taking the photos.  But practically the camera did exactly the same thing which a professional photographer does to get this effect.



F value 3.5  shutter speed 1/500 sec ISO 125 (close photo)




F value 3.5  shutter speed 1/250 sec ISO 125 (close photo)




F value 3.5  shutter speed 1/400 sec ISO 125 (close photo)


Now some photos taken unintentionally at auto mode.  These pictures were taken at Silent Valley national park, where there was no approach to go in vicinity to the subject.  The maximum zoom was used in auto mode, still the background got blurred a bit.  




F value 4.4  shutter speed 1/400 sec ISO 125 (maximum zoom) – Auto mode





F value 4.0  shutter speed 1/125 sec ISO 125 (maximum zoom) – Auto mode
But the blur in the background is not so good, still it shown as an example of accidental bokeh in auto mode.

To sum up the professional does this intentionally where the amateur makes it unknowingly.  I am not comparing a Maruti 800 car with a Benz/BMW.  Both are entirely different. Still there is nothing wrong in utilising the small car to its maximum possibility! But you cannot rule out that personal cameras are never meant for making bokeh. 


Wednesday, March 6, 2013

ദാസവിലാസം

പിള്ള സാറിന്‌ പുതിയൊരു ചുമതല കൂടി കിട്ടി. ഫാക്ടറിയിലെ ആക്രിയ്ക്ക്‌ കൊടുക്കാന്‍ വേണ്ടി മാറ്റിയിട്ടിരിക്കുന്ന സാധനങ്ങള്‍ എത്രയും പെട്ടെന്ന് വിറ്റൊഴിവാക്കണം. ആക്രി കച്ചവടമായതു കൊണ്ട്‌ കാശ്‌ കൈയ്യൊടെ വാങ്ങണം. പിള്ള സാര്‍ ഉഷാറായി, ഏറ്റവും കൂടിയ വിലയ്ക്ക്‌ രൊക്കം കാശും തന്ന് സാധനം വാങ്ങാന്‍ തയാറുള്ള ആക്രിയേയും തപ്പിത്തുടങ്ങി. പലരും പിള്ള സാറിനെ വിളിച്ച്‌ തുകയും പറഞ്ഞു തുടങ്ങി. അതിലൊരുത്തനുമായി പിള്ള സാര്‍ ഏതാണ്ട്‌ കൊടുക്കാം വാങ്ങാം എന്നൊരു ധാരണയുമായി. കാശുമായി വന്നു നേരില്‍ കാണാന്‍ പിള്ള സാര്‍ ആക്രിയോട്‌ പറയുകയും ചെയ്തു. അങ്ങനെ പിള്ള സാറിന്റെ മനസ്സില്‍ ഒരു ആക്രിയും അയാള്‍ പണം കൊണ്ടു വന്നു തരുമെന്ന പ്രതീക്ഷയും സ്ഥാനം പിടിച്ചു.

കച്ചറ സാധനങ്ങളെല്ലാം തന്നെ ദിവസങ്ങള്‍ക്കകം ഫാക്ടറിക്കു പുറത്തേയ്ക്ക്‌ കുട്ടപ്പനായിട്ട്‌ പോകുമെന്നും അങ്ങനെ തന്നെ ഏല്‍പ്പിച്ച ഏതു ജോലിയും താന്‍ ഭംഗിയായി നിര്‍വഹിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കാനാവുമെന്നും പിള്ള സാര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു. കൂട്ടിയിട്ടിരിക്കുന്ന കച്ചറ നോക്കി അഭിമാന പുരസ്സരം നിന്ന പിള്ള സാറിന്റെ ഫോണ്‍ ചിലച്ചു.
ബാഹുലേയനാണ്‌. ആക്രി കാശുംകൊണ്ട്‌ വന്നെന്ന് പറയാന്‍ വിളിക്കുന്നതാവും. പ്രതീക്ഷയോടെ പിള്ള സാര്‍ ഫോണെടുത്തു.

"സാറിനെ കാണാന്‍ ദാസപ്പന്‍ വന്നിട്ടുണ്ട്‌. ലക്ഷണം കണ്ടിട്ട്‌ പതിവു പല്ലവി ആണെന്ന് തോന്നുന്നു"

പിള്ള സാറിന്‌ ചൊറിഞ്ഞു വന്നു. മനസ്സില്‍ വിചാരിച്ചു "ഈയാള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ, മനുഷ്യനെ മെനക്കെടുത്താനായിട്ട്‌".
അപ്പോള്‍ ബാഹുലേയന്‍ വീണ്ടും പറഞ്ഞു.
"ആരോ പണം കൊണ്ടു വന്നിട്ടുണ്ട്‌"

ഇപ്പൊ പിള്ള സാറിനും സന്തോഷമായി.

"അവിടെ ഇരിക്കാന്‍ പറയൂ, ഞാനിതാ വരുന്നു."

പിള്ള സാര്‍ വേഗം ഓഫീസിലേയ്കു നടന്നു. അവിടെ ദാസപ്പന്‍ അക്ഷമനായി കാത്തു നില്‍പ്പുണ്ടായിരുന്നു. വേറെയാരെയും കണ്ടില്ല. പിള്ള സാറിന്റെ കണ്ണുകള്‍ അവിടെ മറ്റാരെയോ പരതി നടന്നു.

അതു കണ്ടു ദാസപ്പന്‍ ചോദിച്ചു

"എന്തേ"

"അല്ല, ആരോ പണം കൊണ്ടു വന്നിട്ടുണ്ടെന്ന്."
പിള്ള സാറിനെ മുഴുമിപ്പിക്കാന്‍ ദാസപ്പന്‍ വിട്ടില്ല.

"ഇത്‌ വെറും ഒരു ആരോപണമാണെന്ന് പറയരുത്‌. സത്യം സത്യമായ കാര്യങ്ങളാണ്‌"

ഇപ്പോള്‍ പിള്ള സാറിന്‌ ചിത്രം വ്യക്തമായി. ബാഹുലേയന്‍ പറഞ്ഞത്‌ ദാസപ്പന്‍ ആരോപണം കൊണ്ടു വന്നെന്നാണ്‌. അല്ലാതെ ആക്രി കാശും കൊണ്ടു വന്നെന്നല്ല.

ദാസപ്പന്‍ പറയാന്‍ പോകുന്നതെന്താണെന്നതിനെ കുറിച്ച്‌ ഒരു ഏകദേശ ധാരണ പിള്ള സാറിനുണ്ട്‌. ഒന്നുകില്‍ അന്തപ്പന്‍ അല്ലെങ്കില്‍ ജോപ്പന്‍, അതുമല്ലെങ്കില്‍ രണ്ടു പേരും കൂടി, ദാസപ്പനെ പിച്ചി, നുള്ളി അല്ലെങ്കില്‍ മാന്തി. ബാലവാടിയിലെ ടീച്ചറാണ്‌ താനെന്ന് പിള്ള സാറിനെ പലപ്പോഴും തോന്നിപ്പിക്കുന്നത്‌ ഈ അന്തപ്പനും ദാസപ്പനും ജോപ്പനും ചേര്‍ന്നാണ്‌.

ദോഷം പറയരുതല്ലോ മൂവരും തീരെ കൊച്ചു കുട്ടികളാണ്‌. ജോപ്പന്‌ 56 വയസ്സായി. അന്തപ്പന്‌ 59-ം ദാസപ്പന്‌ 60-ം വയസ്സയി. മൂവരും ലാബിലെ പരസ്പര പൂരകങ്ങളായ ത്രികോണക പാര്‍ശ്വങ്ങളാണ്‌. (ഒരു ക അധികം ഉണ്ടെന്നു തോന്നുന്നെങ്കില്‍ അത്‌ കുറച്ച്‌ വായിച്ചാല്‍ മതി) ഷഷ്ഠിപൂര്‍ത്തി ആഘോഷിച്ച ദാസപ്പന്‍ ജോലിയില്‍ നിന്നും വിരമിച്ചു. അതുവരെ കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി പോയിരുന്നു. ദാസപ്പന്‍ പോയതോടെ അടുത്ത കിരീടാവകാശി അന്തപ്പനായി. ഒരു കൊല്ലം അന്തപ്പന്‍ രാജ്യം ഭരിച്ച്‌ കിരീടം ജോപ്പന്‌ കൈമാറി ദാസപ്പനെപ്പോലെ സമാധാനമായി വാനപ്രസ്ഥത്തിന്‌ പോകും. പക്ഷെ അതിന്‌ ജോപ്പന്‌ ക്ഷമ പോരാ. അന്തപ്പനെ എങ്ങനെയെങ്കിലും മറികടന്നാല്‍ ഒരു കൊല്ലം മുമ്പെ കിരീടം കിട്ടുമല്ലോ. പാരകള്‍ പലവിധം വന്നു തുടങ്ങി, പരസ്പരം പാരവെപ്പുകള്‍ അപാരവെപ്പുകളായി.

അങ്ങനെ ഒരു സുപ്രഭാതത്തില്‍ സഹികെട്ട്‌ ഒരു പുതിയ തീരുമാനം പിള്ള സാര്‍ പ്രഖ്യാപിച്ചു. "പോയ ദാസപ്പനെ തിരിച്ചു വിളിക്കുന്നു". ഇതു കേട്ടതും അന്തപ്പനും ജോപ്പനും പോരു നിര്‍ത്തി സഖ്യം പ്രഖ്യാപിച്ചു. ദാസപ്പന്‍ ഇനി ഇതിനകത്ത്‌ കാലു കുത്തരുത്‌, അതിനുള്ള നീക്കങ്ങളായി.

പക്ഷെ ഇരുവരുടെയും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ ഉദ്ദേശിച്ച ഫലം കണ്ടില്ല. ചെറിയൊരു ഒത്തു തീര്‍പ്പു മാത്രം, പിള്ള സാര്‍ അന്തിമ തീരുമാനം അറിയിച്ചു "ദാസപ്പന്‍ നമ്മുടെ ഉദ്യോഗസ്ഥനാവില്ല, പകരം ഒരു കണ്‍സല്‍ട്ടന്റ്‌ ആയിരിക്കും"

അന്തപ്പനും ജോപ്പനും സമാധാനിച്ചു, എന്തായാലും ഒരു കണ്‍സല്‍ട്ടന്റ്‌ അല്ലെ, അപ്പോ കിരീടം തിരിച്ചു കൊടുക്കേണ്ടി വരില്ല.

ദാസപ്പനാണെങ്കിലോ സെക്യൂരിറ്റി പണി പോലും കിട്ടാത്തതുകൊണ്ട്‌ വീട്ടില്‍ വെറുതെയിരിപ്പാണ്‌. കിട്ടിയത്‌ ലോട്ടറിയാണെന്ന് വിചാരിക്കുന്നതിനു പകരം കിരീടം എങ്ങനെ തിരിച്ചെടുക്കാം എന്നതായിരുന്നു ചിന്ത. അതുകൊണ്ട്‌ പിള്ള സാറിനോട്‌ ലാലു അലക്സിനെ പോലെ പെര്ഴ്സണലായിട്ട്‌ പറഞ്ഞു. സംഗതി കണ്‍സല്‍ട്ടന്റാണെങ്കിലും കിരീടം തിരിച്ചു വേണം.

മറുപടിയായി പിള്ള സാറിന്‌ പറയാന്‍ തോന്നിയത്‌ മധുവിന്റെ സ്ഥിരം ഡയലോഗാണെങ്കിലും തല്‍ക്കാലം ഇത്ര മാത്രം പറഞ്ഞു,
"ആദ്യം പണി നടക്കട്ടെ, കിരിടമൊക്കെ പിന്നീട്‌ തീരുമാനിക്കാം"

കണ്‍സള്‍ട്ടന്റ്‌ ആവാനുള്ള വര്‍ക്ക്‌ ഓര്‍ഡര്‍ കൈപ്പറ്റിയ ഉടനെ ദാസപ്പന്‌ അടുത്ത സംശയം.
"ഒരു മാസം എനിക്കെത്ര ലീവ്‌ കിട്ടും"

ഓ, അതു ശരി, ഒരു ജോലി കിട്ടിയിട്ട്‌ വേണമായിരുന്നല്ലേ ഇങ്ങേര്‍ക്കൊന്ന് ലീവെടുക്കാന്‍. പിള്ള സാര്‍ മനസ്സിലോര്‍ത്തു. പിന്നെ സമാധാനിപ്പിക്കും പോലെ പറഞ്ഞു.

"കമ്പനിയിലെ മറ്റു ജീവനക്കാരെപ്പോലെ ലീവ്‌ അനുവദിക്കാം."

"അതല്ല എന്റെ പ്രശ്നം, എന്റെ കോണ്‍ട്രാക്ട്‌ തീരുന്ന സമയത്ത്‌ എനിക്ക്‌ ഈ പറഞ്ഞ പോലെ കുറച്ച്‌ ലീവ്‌ ബാലന്‍സ്‌ ഉണ്ടെന്നിരിക്കട്ടെ. ഞാന്‍ പിരിഞ്ഞപ്പോള്‍ എനിക്ക്‌ ലീവ്‌ സാലറി തന്ന പോലെ കോണ്‍ട്രാക്ട്‌ തീരുമ്പോള്‍ എനിക്കത്‌ പൈസയായിത്തന്നെ തരുമോ?"

പിള്ള സാറിന്റെ മനസ്സില്‍ ഡെയിഞ്ചര്‍ ലൈറ്റ്‌ മിന്നി. പോയ ദാസപ്പനല്ല തിരിച്ചു വന്നിരിക്കുന്നത്‌. കൈക്കോട്ടിന്റെ ഒരു പുതിയ അവതാരമാണ്‌. കൊത്തുക, വലിക്കുക എന്നതില്‍ കവിഞ്ഞ്‌ വേറെ ചിന്തയൊന്നുമില്ല.

"കോണ്‍ട്രാക്ടില്‍ കണ്‍സോളിഡേറ്റഡ്‌ പേ എന്നാണ്‌ എഴുതിയിരിക്കുന്നത്‌. അതുകൊണ്ട്‌ കൂടുതലൊന്നും ചോദിക്കേണ്ട."

അങ്ങനെ പണി തുടങ്ങുന്നതിന്റെ ആദ്യ പടിയായി ദാസപ്പന്‍ ലാബിലെത്തി. അവിടെയുള്ള സകലമാന ആള്‍ക്കാരേയും മിലിട്ടറി സ്റ്റെയിലില്‍ നിരത്തി നിര്‍ത്തി പറഞ്ഞു.

"ഞാന്‍ തിരിച്ചെത്തി. ഞാന്‍ പോയപ്പോള്‍ ചിരിച്ചവനെയും സന്തോഷിച്ചവനെയും എനിക്കറിയാം. എനിക്ക്‌ നല്ലൊരു യാത്രയയപ്പും വില പിടിച്ച സമ്മാനങ്ങളും നിങ്ങള്‍ തന്നിരുന്നില്ല, അതും ഞാന്‍ ഓര്‍ത്തു വെച്ചിട്ടുണ്ട്‌. നിങ്ങളില്‍ എത്ര പേര്‍ ഇനി ഇവിടുന്നങ്ങോട്ട്‌ സമാധാനമായിട്ടിരിക്കും എന്ന് നമുക്ക്‌ കാണാം"

ആ നിരത്തി നിര്‍ത്തിയ ആളുകളുടെയിടയില്‍ പിള്ള സാര്‍ ഉണ്ടായിരുന്നില്ലെങ്കിലും സമാധാനം പോയത്‌ പുള്ളിക്കു തന്നെയായിരുന്നു.

പിന്നീടങ്ങോട്ട്‌ അന്തപ്പനും ദാസപ്പനും യുദ്ധം തുടങ്ങി. ജോപ്പന്‍ തരം പോലെ ചിലപ്പോള്‍ ചേരി ചേരാ നയവും ചിലപ്പോള്‍ വിജയ സാദ്ധ്യതയുള്ളയാള്‍ക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. രണ്ടിലൊരാള്‍ ഔട്ടായിട്ടു വേണ്ടേ തനിക്കു കളത്തിലിറങ്ങാന്‍. അത്‌ ഏതാ ജന്മം.

ജോപ്പന്റെ ചേരിചേരാ നയം കണ്ട്‌ ഒരിക്കല്‍ പിള്ള സാര്‌ ചോദിച്ചു, "ഈ അന്തപ്പനും ദാസപ്പനും എന്തിനാ വെറുതെ വഴക്കിടുന്നത്‌?"

:ഞാന്‍ അതെപ്പറ്റി കാര്യമായിത്തന്നെ പഠിച്ചിട്ടുണ്ട്‌. അതിന്റെ റിപ്പോര്‍ട്ട്‌ വേണെങ്കില്‍ തരാം" ജോപ്പന്‍ അങ്ങനെയാണ്‌. എന്തിനെക്കുറിച്ച്‌ ചോദിച്ചാലും പറയും, അതിന്റെ സ്റ്റഡി റിപ്പോര്‍ട്ട്‌ എന്റെ കൈയ്യിലുണ്ട്‌, വേണമെങ്കില്‍ തരാം.


അങ്ങനെ ദിനംപ്രതി നടക്കുന്ന പോരിനു ശേഷം തോറ്റവന്‍ എന്നും പരാതിപ്പെട്ടിയുമായി പിള്ള സാറിനു മുന്‍പില്‍ വന്നു തുടങ്ങി. ഇന്നത്തെ ഊഴം ദാസപ്പന്റേതാണ്‌.

നീരസം മറച്ചുവെച്ച്‌ പിള്ള സാര്‍ കാര്യമന്വേഷിച്ചു. ദാസപ്പനെ രണ്ടാളുംകൂടി അവഹേളിച്ചിരിക്കുന്നെത്രെ. രാവിലെ ഒരു കസ്റ്റമര്‍ വിസിറ്റ്‌ ഉണ്ടായിരുന്നു. കസ്റ്റമര്‍ക്ക്‌ ദാസപ്പന്‍ ആദ്യം സ്വയം ലാബിന്റെ ഹെഡായി പരിചയപ്പെടുത്തി. അതു കേട്ടുകൊണ്ടു വന്ന അന്തപ്പനും ജോപ്പനും അത്‌ സുഖിച്ചില്ല. അന്തപ്പന്‍ ഉടനെ തിരുത്തിയെത്രേ.
"അതേയ്‌, കുഞ്ഞിക്കൂനനില്‍ ദിലീപ്‌ പറയും പോലെയാണ്‌ ഇങ്ങേരുടെ കാര്യം. എല്ലാവരും ഈയാളെ ഇവിടെ കണ്‍സല്‍ട്ടന്റ്‌ എന്നാണ്‌ വിളിക്കുന്നത്‌. പക്ഷെ ഈയാള്‍ സ്വയം ഈയാളെ വിളിക്കുന്നത്‌ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നാണ്‌."

കേട്ടു നിന്ന ജോപ്പന്‍ കൂട്ടിച്ചേര്‍ത്തെത്രെ.

"തരം പോലെ ചിലപ്പോള്‍ അത്‌ ജനറല്‍ മാനേജറും ആവാറുണ്ട്‌."

ഇത്‌ ദാസപ്പന്‌ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനൊരു തീരുമാനം ഉടനടി ഉണ്ടാക്കാനാണ്‌ ഇപ്പൊ പിള്ള സാറിനു മുന്‍പില്‍ എത്തിയിരിക്കുന്നത്‌.

എല്ലാം കേട്ട്‌ പിള്ള സാറ്‌ ചോദിച്ചു.

"ആട്ടെ, എന്നിട്ട്‌ കസ്റ്റമര്‍ പോയോ?"

"ഇല്ല, മുകളില്‍ കോന്‍ഫറന്‍സ്‌ റൂമിലുണ്ട്‌. ഇത്‌ തീരുമാനമാക്കിയിട്ട്‌ വേണം മുകളിരിക്കുന്ന കസ്റ്റമറടക്കം എല്ലാ കോപ്പന്മാരോടും ചെന്ന് പറയാന്‍. ഞാന്‍ തന്നെയാണ്‌ ലാബിലെ ഹെഡ്‌."

"അല്ല ആ കസ്റ്റമറൊന്നു പോയിട്ട്‌ പോരേ"

"പോരാ പോരാ, ഇപ്പൊ തന്നെ തീരുമാനമാക്കണം. ഇത്‌ ഇനി ഒരിക്കലും ആവര്‍ത്തിക്കരുത്‌. ഇത്‌ മാത്രമല്ല പലപ്പോഴും അവരുടെ ആക്കിയുള്ള വര്‍ത്തമാനം ഞാന്‍ കേട്ടിട്ടുണ്ട്‌. ആ അന്തപ്പന്‌ ഓണത്തിന്‌ ബോണസ്സ്‌ കിട്ടിയിട്ട്‌ വേണമെത്രെ ഒരു പുതിയ ഗ്യാലക്സി നോട്ട്‌ വാങ്ങാന്‍. ജോപ്പന്‌ എല്‍.ടി.സി. എടുത്ത്‌ ഡെറാഡൂണില്‍ പോണോത്രെ.. ഞാന്‍ വെറും ഒരു കണ്‍സല്‍ട്ടന്റ്‌ ആണെന്നും എനിക്ക്‌ ഓണത്തിന്‌ ബോണസ്സും എല്‍.ടി. സിയും ഒന്നു കിട്ടില്ല എന്നുമല്ലേ അവരുദ്ദേശിക്കുന്നത്‌. ഇത്‌ എന്നെ ഉദ്ദേശിച്ചാണ്‌, എന്നെത്തന്നെ ഉദ്ദേശിച്ചാണ്‌, എന്നെ മാത്രം ഉദ്ദേശിച്ചാണ്‌"

സി. ഐ. ഡി. മൂസയിലെ ജഗതിയെപ്പോലെ ദാസപ്പന്‍ കത്തിക്കയറി.

പിള്ള സാറിന്‌ പിടി വിട്ടു, പണ്ടു പറയാതെ വിട്ട മധുവിന്റെ ഡയലോഗ്‌ താനറിയാതെ പു
റത്തു വന്നു..
"എടാ പട്ടികളേ, നിനക്കൊന്നും മര്യാദയ്ക്ക്‌ പണിയെടുക്കാന്‍ വയ്യെങ്കില്‍ വയ്ക്കെടാ നിന്റെ രാജി, എടാ വെയ്കാാാന്‍".

ദാസപ്പന്റെ ഭാവം അതിലും പെട്ടെന്ന് മാറി. ഇത്തവണ മൊത്തം സെന്റിമെന്റ്‌സ്‌. പിള്ള സാറിന്റെ വീക്‌ക്‍നെസ്സില്‍ കയറി പിടിക്കാനുള്ള ശ്രമമാണ്‌..

"നമ്മളൊന്നുമില്ലെങ്കിലും കന്യാകുമാരിക്കാര്‌ ഒരു പരസ്‌പര സഹായ സഹകരണത്തോടെയൊക്കെ വേണ്ടേ. നിങ്ങള്‌ പൊന്മനക്കാര്‍ക്ക്‌ പേരുപോലെ തന്നെ പൊന്നിന്റെ മനസ്സാണെന്നാണ്‌ തക്കലയിലും തിരുവട്ടാറുമൊക്കെ പറയുന്നത്‌."

സാധാരണഗതിയില്‍ പിള്ള സാറ്‌ മൂക്കുംകുത്തി വീഴേണ്ടതാണ്‌. പക്ഷെ ആള്‌ മൊത്തം ചൂടിലായിരുന്നതുകൊണ്ട്‌ സംഗതി ഏശിയില്ല. .

"കന്യാകുമാരിയിലെ കാര്യമൊക്കെ അങ്ങ്‌ തമിഴ്‌നാട്ടില്‌. ഇപ്പൊ നമ്മള്‌ കേരളത്തിലല്ലേ. നിങ്ങളാദ്യം ചെന്ന് മര്യാദയ്ക്ക്‌ പണിയെടുക്കാന്‍ നോക്ക്‌".

നിരാശയോടെ പിറുപിറുത്തുകൊണ്ട്‌ ദാസപ്പന്‍ തിരിച്ചു നടന്നു.

"ഇങ്ങേര്‌ പൊന്മന പിള്ളയല്ല, കരിമന പിള്ളയെന്നുവേണം വിളിക്കാന്‍"

Saturday, December 1, 2012

Lunch Break

ലഞ്ച്  ബ്രേക്ക്  (1992 - 95 N.S.S. College, Ottappalam )

ഉച്ച ഭക്ഷണ സമയമെന്നോതി
ഉച്ചത്തില്‍ മുഴങ്ങീ കലാലയ മണി
മൃഷ്ടാന്നഭോജനപ്പൊതിയഴിച്ചൂ
 ധൃതിയില്‍ തുടങ്ങീ ആഹാരസേവ

തിക്കിത്തിരക്കിയാ പൈപ്പിന്‍ ചുവട്ടില്‍
തട്ടലും മുട്ടലും ആവോളമൊപ്പിച്ചു
കൈ കഴുകുന്നിടെ കൂട്ടുകാരോടൊത്തു
കമണ്റ്റുകളേറെപ്പറഞ്ഞുല്ലസിച്ചും.

തളിരിട്ടു നില്‍ക്കുമാ മാവിന്‍ ചുവട്ടില്‍
തണലത്തു സ്വസ്ഥമായ്‌ നില്‍പ്പുറപ്പിച്ചു
ആ വഴിപ്പോയിടും പെണ്ണുങ്ങളേയെല്ലാം
ആനന്ദത്തോടെ ഞാന്‍ നോക്കി നില്‍ക്കെ

അതിലൊന്നിനെക്കണ്ടു ഹൃദയത്തിനുള്ളില്‍
ആലേഖനം ചെയ്തു ഞാന്‍ 'എണ്റ്റെ സ്വന്തം'
അനിതര സുഖം തേടി അനുപമയവളെ ഞാന്‍
അനുദിനം നോക്കുന്നു അനുനയത്തില്‍

കണ്ടില്ലയെന്നവള്‍ നടിക്കുന്നുവെങ്കിലും
കടക്കണ്ണാലെയ്യുന്നു കാമബാണം
ഭാവിയിലവളെന്നെ ഗൌനിക്കണേയെന്നു
ഭൂതേശനോടു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു

വാചാലമായൊരു മൌനത്തിലൂടവള്‍
വിട വാങ്ങിപ്പോവതും നോക്കി നില്‍ക്കെ
നാളത്തെ മധ്യാഹ്ന്ന നേരത്തിനായിയെന്‍
ഹൃദയം തുടിച്ചു തുടങ്ങിടുന്നു.


സമര്‍പ്പണം: വയറ്റുപ്പിഴപ്പിനായി നിന്നു വാചകമടിക്കുന്ന കറുത്ത കോട്ടിട്ടയാളിന്‌ 

Saturday, November 10, 2012

ബാഹുലേയ ചരിതം

ബാഹുലേയണ്റ്റെ വീട്ടില്‍ ഒരു മാസമായി രാത്രി പ്രേത ശല്യം. പറഞ്ഞത്‌ മറ്റാരുമല്ല, ബാഹുലേയന്‍ തന്നെ. ഒരു പഴയ ഓടിട്ട വീട്ടിലാണ്‌ ബാഹുലേയണ്റ്റെ താമസം. കൂടെ അമ്മ മാത്രം. ഇല്ലാത്ത കാശെല്ലാം ഉണ്ടാക്കി പെങ്ങളെ കെട്ടിച്ചു വെട്ടേപ്പിന്നെ ബാഹുലേയനും അമ്മയും മാത്രമായി വീട്ടില്‍. പെങ്ങളെ കെട്ടിച്ചതിണ്റ്റെ ക്ഷീണം ഇനിയും തീരാത്തതുകൊണ്ടും ഒരു പെണ്ണിനെക്കൂടി പോറ്റാനുള്ള ത്രാണി പോരെന്നുള്ളൊരു തോന്നല്‍ ഉള്ളിലെവിടെയോ ഉള്ളതുകൊണ്ടും ബാഹുലേയന്‍ കല്യാണം കഴിക്കുന്നതിനെ പറ്റി കാര്യമായി ചിന്തിച്ചിരുന്നില്ല. അപ്പോള്‍ പറഞ്ഞു വന്നത്‌ രാത്രിയിലെ ശല്യം.

തട്ടിന്‍പുറത്ത്‌ രാത്രി കാലങ്ങളില്‍ ആള്‍പെരുമാറ്റം. പൂച്ച എലിയെ പിടിക്കുന്നതാകാം എന്നു കരുതി ആദ്യം സമാധാനിച്ചു. പക്ഷെ ഇമ്മാതിരി ഒച്ചയ്ക്ക്‌ എലികളും പൂച്ചകളും തമ്മില്‍ മിനിമം ഒരു കുരുക്ഷേത്ര യുദ്ധമെങ്കിലും വേണം. നൂറ്റൊന്ന് എലികളും അഞ്ച്‌ പൂച്ചകളും. (കര്‍ണ്ണനെ ഞാനെണ്ണി) അതേതായാലും എലിസാന്ദ്രത അത്രയ്ക്കില്ല. വീട്ടിനകത്ത്‌ അതിക്രമിച്ചു കേറിയാല്‍ അധ്വാനത്തിണ്റ്റെ കൂലി പോലും മോഷ്ടിച്ചെടുക്കാനാവില്ല എന്നുള്ളതിനാല്‍ അറിയാവുന്ന കള്ളന്‍മാരാരും ആ വഴി വരികയുമില്ല. തന്നേയുമല്ല, ഇതിപ്പോ ദിവസേനയുള്ള കൂത്തല്ലേ. തട്ടിന്‍പുറത്ത്‌ രാത്രി കയറി നോക്കാമെന്നു വെച്ചാല്‍ ബാഹുലേയണ്റ്റെ ധൈര്യവും, ഐ മീന്‍ ഭയവും, അമ്മയുടെ മുട്ടു വേദനയും ഒരു തടസ്സവുമായി. ബാഹുലേയണ്റ്റെ അച്ഛന്‌ അപാര ധൈര്യമായിരുന്നെത്രേ. നാട്ടിലിറങ്ങിയ പുലിയെ പിടിക്കാന്‍ കലിതുള്ളി ഒറ്റയ്ക്ക്‌ ഇറങ്ങിപ്പോയതാണ്‌. അച്ചണ്റ്റെ കലിയും പുലിയുടെ വിശപ്പും മാറി. എന്തൊ നല്ല കാലത്തിന്‌ ബാഹുലേയന്‌ അത്രയും ധൈര്യമില്ലാതായി. ഒരു ദിവസം രാത്രി ബാഹുലേയന്‍ മൂത്രമൊഴിക്കാന്‍ എണീറ്റപ്പോള്‍ പുറത്ത്‌ ഒരു അസാധാരണരൂപം കണ്ടു. പൂച്ചയല്ല, പക്ഷെ ഒരു പ്രത്യേക ജന്തു. എന്താണെന്ന് മനസ്സിലായില്ല, എന്നാപ്പിന്നെ പ്രേതമായിക്കോട്ടെ എന്നു വിചാരിച്ചു.

 "ഉവ്വോ" രമേശന്‍ സമ്മിശ്രവികാരങ്ങളോടെ കഥ കേട്ടിരുന്നു. അടുത്തയാഴ്ച ഇ എസ്‌ ഐ ഇന്‍സ്പെക്റ്റിൊന്‍ ആണ്‌. അതിനുള്ള പണിയ്ക്കാണ്‌ രണ്ടാളെയും ഇരുത്തിയിരിക്കുന്നത്‌. അതിണ്റ്റെ ഇടയിലാണ്‌ ബാഹുലേയനും അവണ്റ്റെ തട്ടിന്‍പുറവും കൂടെ ഒരു പ്രേതവും കൂടി കയറി വന്നിരിക്കുന്നത്‌. നാഴികയ്ക്ക്‌ നാല്‍പ്പതു വട്ടം പിള്ള സാര്‍ വന്നു നോക്കുന്നുണ്ട്‌,കണക്കുകള്‍ എത്രത്തോളമായി എന്ന്. പറഞ്ഞു തീര്‍ന്നില്ല ദേ പിള്ള സാറെത്തി. പിള്ള സാറിന്‌ ഒറ്റ നോട്ടത്തിലേ കാര്യം പിടികിട്ടി. പിള്ളേരു രണ്ടും ഏതോ കഥ പറഞ്ഞിരിപ്പാണ്‌.

 " എന്താഡോ ഡീറ്റെയിത്സ്‌ എടുത്തോ? എന്താ രണ്ടും കൂടെ പറയുന്നത്‌"

 "അതു പിന്നെ ഈ ബാഹുലേയണ്റ്റെ വീട്ടില്‍ പ്രേതമുണ്ടെന്ന് പറയുവായിരുന്നു." രമേശന്‍ തിരക്കിട്ട്‌ പണി തുടങ്ങിയതായി ഭാവിച്ചു.

 "പ്രേതമോ? എന്താഡോ താനീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്‌" പിള്ള സാര്‍ നേരെ ബാഹുലേയണ്റ്റെ നേരെ തിരിഞ്ഞു. ബാഹുലേയന്‍ കാര്യം പറഞ്ഞു. കേട്ട ഉടനെ പിള്ള സാര്‍ പറഞ്ഞു.

എടൊ, അത്‌ മരപ്പട്ടിയാവും. മരപ്പട്ടിയോ, ബാഹുലേയന്‍ അമ്പരന്നു.

 അതെന്താ സാറെ. പിള്ള സാര്‍ വാചാലനായി. അതങ്ങനെയാണ്‌, പിള്ളസാറിനോട്‌ ഒരു ചോദ്യം ചോദിക്കേണ്ട കാര്യമേയുള്ളൂ. പിന്നെ ക്ളാസ്‌ തുടങ്ങും. ആളൊരു സര്‍വ വിജ്ഞാന കോശിയാണ്‌.

എടോ, താഴമ്പൂ, മരപ്പട്ടി, എന്നൊക്കെ പറഞ്ഞാല്‍ എല്ലാവരും കേട്ടിട്ടേയുണ്ടാവൂ. താന്‍ താഴമ്പൂ കണ്ടിട്ടുണ്ടോടോ.

ഇല്ല

പിള്ള സാര്‍ രമേശനെ നോക്കി.

 താനോ?

രമേശനും പറഞ്ഞു , ഇല്ല.

ങ അതാ പറഞ്ഞത്‌.

പിന്നെ ഒരു പത്ത്‌ സെക്കണ്റ്റോളം നിശ്ശബ്ദത.

പിള്ള സാര്‍ എപ്പോഴും അങ്ങിനെയാണ്‌. എന്തിനെക്കുറിച്ചെങ്കിലും പറഞ്ഞു തുടങ്ങിയാല്‍ പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങളാവും ചിലപ്പൊ ആദ്യം പറയുക. പിന്നെ ഒരു സസ്പെന്‍സ്‌ ഇട്ട്‌ മിണ്ടാതെ നില്‍ക്കും, പിന്നെയേ കാര്യത്തിലേക്കു വരൂ. ഒരു മിനിറ്റു കൊണ്ട്‌ പറയാവുന്നത്‌ പതിനഞ്ചു മിനിറ്റു കൊണ്ട്‌ പറയും. പറഞ്ഞു തീര്‍ന്നു വരുമ്പോള്‍ ചിലപ്പോ കേട്ടിരിക്കുന്നവനേ ബാക്കി കാണില്ല, പിന്നല്ലേ അവണ്റ്റെ സംശയം.

പിള്ള സാറ്‍ ക്ളാസ്‌ തുടങ്ങി. ഈ മരപ്പട്ടി എന്നു പറഞ്ഞാല്‍ പൂച്ചയുറ്റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു ജീവിയാണ്‌. പാം സിവെറ്റ്‌ എന്നു പറയും. കണ്ടാല്‍ ഏതാണ്ട്‌ പൂച്ചയെപ്പോലെയിരിക്കും. ചെവി കുറച്ച്‌ ഉയര്‍ന്നിട്ടാണ്‌. പക്ഷെ മുഖം കുറച്ചുകൂടെ കൂര്‍ത്തിട്ടാണ്‌. കണ്ണിനു മുകളില്‍ ഭസ്മമിട്ടതുപോലെ വെളുത്ത പാടു കാണാം. രാത്രിയാണ്‌ ഇവറ്റകള്‍ തിന്നാന്‍ വല്ലതും കിട്ടുമോ നോക്കി ഇറങ്ങുന്നത്‌.

പിന്നെയും കുറച്ച്‌ നിശ്ശബ്ദത.

ബാഹുലേയണ്റ്റെ മനസ്സിലും താന്‍ കണ്ട രൂപം മിന്നി മറഞ്ഞു. ശരിയാണ്‌, മരപ്പട്ടി തന്നെ. രമേശണ്റ്റെ ചുണ്ടില്‍ ഒരു ചെറു ചിരി, അതില്‍ സ്വല്‍പം പരിഹാസം ഉണ്ടൊയെന്നൊരു സംശയം. അതു മനസ്സിലാക്കിയതു കൊണ്ടാകാം പിള്ള സാര്‍ അടുത്ത ചോദ്യം ചോദിച്ചു.

ഈ ലോകത്തെ ഏറ്റവും വില കൂടിയ കാപ്പി ഏതാണെന്ന് അറിയാമോ? നെസ്‌കഫെയും സണ്‍റൈസുമല്ലാതെ മറ്റൊന്നും ബാഹുലേയന്‌ അറിയില്ല. അന്യന്‍ സിനിമ ഇറങ്ങിയതില്‍ പിന്നെ കാപ്പചീനോ കോഫിയാ എന്നു പാട്ടു കേട്ടിട്ടുണ്ട്‌. ആ ധാരണയില്‍ പറഞ്ഞു.

കാപ്പച്ചീന.

ഏയ്‌. നോ നോ.

പിന്നെയും സയിലന്‍സ്‌.

ഓരൊ സയിലന്‍സും പത്ത്‌ സെകണ്റ്റാണ്‌.

കോപി ലുവാക്‌. അതാണ്‌ അതിണ്റ്റെ പേര്‌.

പിന്നെയും സയിലന്‍സ്‌.

ഈ കോഫി പൌഡറ്‍ എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത്‌ എന്നറിയുമോ?

പിന്നെയും സൈലന്‍സ്‌.

രമേശന്‍ പിള്ള സാറിണ്റ്റെ വായില്‍ നിന്ന് മുത്ത്‌ പൊഴിയുന്നതും കാത്ത്‌ നിന്നു. ബാഹുലേയനാകട്ടെ, ഈ മരപ്പട്ടീടെ ശല്യം എങ്ങനെ അവസാനിപ്പിക്കാം എന്നു ചിന്തിക്കുകയായിരുന്നു. കാരണം മരപ്പട്ടീം കാപ്പീം തമ്മില്‍ ബന്ധമൊന്നുമില്ലല്ലോ.

 പിള്ള സാറ്‌ വീണ്ടും തിരു വാ തുറന്നു.

ഈ മരപ്പട്ടിയുറ്റെ കാഷ്ടം പൊടിച്ചു ചേര്‍ത്താണ്‌ അതുണ്ടാക്കുന്നത്‌. ഒരു കിലോ കോഫി പൌഡറിന്‌ മൂവായിരം ഡോളറെങ്കിലും കാണും. കഷ്ടി ഒന്നര ലക്ഷം രൂപ. ഒരു കപ്പ്‌ കാപ്പിക്ക്‌ കൊടുക്കേണ്ടി വരും രണ്ടായിരത്തി അഞ്ഞൂറു രൂപ. എന്താ ഡിമാണ്റ്റെന്നറിയ്വോ ഇതിനൊക്കെ. നല്ല എക്സ്‌പോര്‍റ്റ്‌ ബിസിനെസ്സാണ്‌. കുട്ടപ്പനായിട്ടാണ് സംഗതി വിറ്റു പോകുന്നത്.

ബാഹുലേയന്‌ അതൊരു പുതിയ അറിവായിരുന്നു.

പെട്ടെന്ന് പിള്ള സാറിണ്റ്റെ മൊബൈല്‍ ചിലച്ചു. ഇന്‍കമിംഗ്‌ നമ്പറ്‍ കണ്ട പിള്ള സാറിണ്റ്റെ മുഖം പെട്ടെന്ന് ഗൌരവമായി. ക്ളാസ്സ്‌ നിര്‍ത്തി പെട്ടെന്ന് തിരിച്ചു പോയി. രമേശന്‍ പണി പുനരാരംഭിച്ചു. ബാഹുലേയനും. പിള്ള സാര്‍ തിരിച്ചു വരുമ്പോള്‍ പഴയ മൂഡിലാവണമെന്നില്ല.

 പക്ഷെ ബാഹുലേയണ്റ്റെ കണ്ണുകള്‍ മോണിറ്ററിലും, വിരലുകള്‍ കീ ബോര്‍ഡിലും മനസ്സ്‌ മരപ്പട്ടിയിലും മോഹങ്ങള്‍ അതിണ്റ്റെ കാഷ്റ്റത്തിലും പ്രതീക്ഷകള്‍ അതിണ്റ്റെ വിറ്റു വരവിലും മാത്രം വിശ്രമിച്ചു. ആശങ്കകള്‍ക്ക്‌ പക്ഷെ വിശ്രമിക്കാന്‍ ഒന്നിലധികം സ്ഥലങ്ങളുണ്ടായിരുന്നു, ആര്‍ക്ക്‌ കൊടുക്കും, എന്ത്‌ വിലക്ക്‌ കൊടുക്കും, എവിടെ കൊണ്ടു പോയി കൊടുക്കും, എങ്ങനെ കൊടുക്കും, ലാഭത്തിണ്റ്റെ എത്ര വിഹിതം അളിയന്‌ കൊടുക്കേണ്ടി വരും എന്നിങ്ങനെ ആശങ്കകള്‍ കറങ്ങി നടന്നു. .

 എത്രയും പെട്ടെന്ന് വീട്ടിലൊന്നു പോയി നോക്കണം, എങ്ങനെ പോകും എന്ന് ചിന്തിച്ചിരിക്കുമ്പോളാണ്‌ ബാഹുലേയണ്റ്റെ ഫോണ്‍ ശബ്ദിച്ചത്‌. എന്തോ അത്യാവശ്യ കാള്‍ വന്നതു പോലെ ബാഹുലേയന്‍ പെട്ടെന്ന് പുറത്തേക്ക്‌ മാറി നിന്ന് സംസാരിച്ചൂ. ആരുടെയോ കാള്‍. പക്ഷെ തിരിച്ചു വന്ന് രമേശനോടു തട്ടി വിട്ടു.

വീട്ടീന്ന് അമ്മയാ വിളിച്ചത്‌, നല്ല സുഖമില്ലെത്രെ. ഒന്ന് ആശുപത്രിയില്‍ കൊണ്ടു ചെല്ലേണ്ടിവരും. നീ ഇന്നൊന്ന് അഡ്‌ജസ്റ്റ്‌ ചെയ്യ്‌.

പിന്നെ നേരെ പിള്ള സാറിണ്റ്റെ കാബിനിലേക്ക്‌. തക്കം നോക്കി അവിടെയും കാര്യം അവതരിപ്പിച്ചു, സമ്മതം വാങ്ങി നേരെ വീട്ടിലേക്ക്‌. മനസ്സു മുഴുവന്‍ പ്രാര്‍ത്ഥനയായിരുന്നു. ഈശ്വരാ, വീട്ടിലുള്ളതും മരപ്പട്ടി തന്നെയാവണേ. മാത്രവുമല്ല, തട്ടിന്‍ പുറത്ത്‌ കുറച്ചെങ്കിലും കാഷ്ടം ഉണ്ടാകണേ. അവിടെ കണ്ടില്ലെങ്കില്‍ ഏതായാലും പറമ്പു മുഴുവന്‍ ഒന്ന് തിരയണം.കുറച്ചെങ്കിലും കിട്ടാതിരിക്കില്ല. പൊന്നിനെക്കാളും വിലയുള്ള സാധനമാണ്‌

വീട്ടില്‍ ചെന്ന പാടെ ടോര്‍ച്ചെടുത്ത്‌ തട്ടിന്‍ പുറത്തേക്ക്‌ കയറി. പ്രതീക്ഷ തെറ്റിയില്ല. അവിടവിടെയായി നിരവധി കാഷ്ടങ്ങള്‍. ആ കിടക്കുന്നത്‌ സ്വര്‍ണ്ണ ബിസ്കറ്റുകളാണെന്നാണ്‌ ബാഹുലേയന്‌ തോന്നിയത്‌. കണ്‍കണ്ട ദൈവം മരപ്പട്ടിയെ ഒന്നു കണ്‍ കുളിര്‍ക്കെ കാണുവാന്‍ അവിടെയെല്ലാം പരതി നോക്കി, പക്ഷെ കണ്ടില്ല. തിരിച്ചിറങ്ങി ബാഹുലേയന്‍ ഭാവി പരിപാടി ആസൂത്രണം ചെയ്തു. എന്തായാലും ഉടനടി കാഷ്റ്റങ്ങളെല്ലാം മാറ്റുക തന്നെ. ചൂലെടുത്ത്‌ മൊത്തം അടിച്ചു കോരാം. അല്ലെങ്കില്‍ അതു വേണ്ട, തട്ടിന്‍ പുറത്ത്‌ പൊടിയുമുണ്ട്‌. കാഷ്ടത്തില്‍ പൊടി കലര്‍ന്നാല്‍ ചിലപ്പോള്‍ വിലകുറയും. അതിണ്റ്റെ മൂല്യമോര്‍ത്തപ്പോള്‍ ബാഹുലേയന്‍ തീരുമാനിച്ചു, കൈ കൊണ്ട്‌ ശ്രദ്ധാപൂര്‍വ്വം എടുത്തു മാറ്റാം. അതാവുമ്പോള്‍ ഉണങ്ങിയതും ഉണങ്ങാത്തതും വെവ്വേറെ വെയ്ക്കാം.

കേക്ക്‌ പായ്ക്ക്‌ ചെയ്യുന്ന രണ്ട്‌ കാര്‍ട്ടണ്‍ ബോക്സ്‌ സംഘടിപ്പിച്ചു. അതിനുള്ളില്‍ അലുമിനിയം ഫോയില്‍ നിരത്തി. ബേക്കറിയില്‍ ബട്ടറ്‍ സ്കോച്ച്‌ പായ്ക്കു ചെയ്യുന്ന ശ്രദ്ധയോടെ കാഷ്ടങ്ങള്‍ ഒന്നൊന്നായി കാറ്‍ട്ടണില്‍ നിരത്തി. അപ്പോഴാണ്‌ ഒരു കാര്യം ശ്റദ്ധിച്ചത്‌, കാഷ്ടത്തിണ്റ്റെ അടി ഭാഗത്ത്‌ തട്ടിന്‍ പുറത്തെ പൊടി പറ്റിപ്പിടിച്ചിരിക്കുന്നു.ചെളി പുരണ്ടാല്‍ വില കുറയും. വൃത്തിയാക്കാവുന്നേടത്തോളം വൃത്തിയാക്കി എല്ലാം മൊത്തത്തില്‍ പായ്ക്ക്‌ ചെയ്തു.ഉണങ്ങിയത്‌ വേറെ, ഉണങ്ങാത്തത്‌ വേറെ. തുടര്‍ന്ന് തട്ടിന്‍ പുറവും തൂത്ത്‌ തുടച്ച്‌ വൃത്തിയാക്കി. മരപ്പട്ടിയ്ക്ക്‌ ഇനിയും കാഷ്ടിക്കേണ്ടതല്ലേ. ഇത്തിരി വൃത്തിയായി കിടന്നോട്ടെ.

ഇനി അടുത്ത കടമ്പ. ബാഹുലേയന്‍ ചിന്തിച്ചു തുടങ്ങി... അന്തമില്ലാത്ത ചിന്തയില്‍ അന്തിച്ചിരുന്ന് അത്താഴമുണ്ടതും ഉറങ്ങാന്‍ കിടന്നതുമെല്ലാം യാന്ത്രികമായിട്ടായിരുന്നു....

ഇതെങ്ങനെ വില്‍ക്കും. ചാല മാര്‍ക്കറ്റിലോ പോത്തന്‍കോടോ ഒന്നും കൊണ്ടുക്കൊടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അവിടെ ഇന്നേ വരെ ഇങ്ങനെ ഒരു സാധനം ആരും വില്‍ക്കുന്നതോ വാങ്ങുന്നതോ കണ്ടിട്ടുമില്ല. വില കൂടിയ സാധനമല്ലേ. ഇതൊക്കെ വാങ്ങി ഉപയോഗിക്കാനുള്ള ശേഷി വല്ല അമേരിക്കക്കാരനു മാത്രമേ കാണുള്ളായിരിക്കും. എങ്ങനെ സംഗതി അമേരിക്കയില്‍ എത്തിക്കും? ആരോട്‌ ചോദിക്കും. പിള്ള സാറിനോട്‌ തന്നെ ചോദിക്കാം, പക്ഷെ അമ്മയ്ക്ക്‌ അസുഖമാണെന്ന് പറഞ്ഞാണ്‌ ഇറങ്ങി വന്നിരിക്കുന്നത്‌. കള്ളി വെളിച്ചത്താവുമോ.

എന്നാല്‍ പിന്നെ കമ്പനിയിലെ ലോജിസ്റ്റിക്സില്‍ ഒന്നു വിളിച്ചു ചോദിക്കാം.ഇനിയിപ്പൊ എക്സ്‌പോര്‍ട്ടിണ്റ്റെ എ ബി സി ഡി ഒന്ന് അറിഞ്ഞിരിക്കുന്നത്‌ നല്ലതല്ലേ. കമ്പനിയിലെ എക്‌സ്പോര്‍ട്ടൊക്കെ മനുവാണ്‌ നോക്കുന്നത്‌. മനുവിനെ ഫോണില്‍ വിളിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം, മനുവിന്‌ ഇവിടെ നിന്ന് ലോറിയില്‍ കയറ്റി അയയ്ക്കുന്ന ചുമതലേയുള്ളൂ, ബാക്കി എല്ലാം ഹെഡ്‌ ആപ്പീസില്‍ നിന്നും നോക്കിക്കൊള്ളും.

ഇനിയിപ്പോ മറ്റൊരു ആശ്രയം അക്കൌണ്ട്സ്‌ മാനേജരാണ്‌. അങ്ങേര്‍ക്ക്‌ തീര്‍ച്ചയായും അറിയാന്‍ പറ്റും, പക്ഷെ സഹായിക്കുമെന്ന് ഒരു ഉറപ്പുമില്ല. ചിലപ്പോള്‍ മൊട കാണിച്ചേക്കും. മാത്രവുമല്ല, അഡ്‌വാന്‍സിണ്റ്റെ കണക്കു കൊടുത്തില്ല എന്നു പറഞ്ഞ്‌ എണ്റ്റെ സാലറിയില്‍ നിന്നും പൈസ പിടിച്ച സാമദ്രോഹിയാണ്‌.

തമ്മില്‍ ഭേദം പിള്ള സാര്‍ തന്നെ, കള്ളം പറഞ്ഞു മുങ്ങിയതിന്‌ ഒരു പാട്‌ ശാസിച്ചാല്‍ പോയി പണിനോക്കാന്‍ പറയാം. ഇപ്പോള്‍ പണ്ടത്തെ പോലെയല്ലല്ലോ. കാശല്ലേ കൈ വരാന്‍ പോകുന്നത്‌. ഒരു ഒന്നൊന്നര ലക്ഷം രൂപയുടെ മൊതലാണ്‌ കയ്യിലിരിക്കുന്നത്‌. കന്നി കച്ചോടമായതു കൊണ്ട്‌ വില ഇത്തിരി താഴ്ത്തി ഒരു എഴുപത്തയ്യായിരംകിട്ടിയാല്‍ മറിക്കാം. വേണെങ്കില്‍ കമ്മീഷനായി വല്ല നക്കാപിച്ചയും കൊടുക്കാമെന്നു പറയാം. കാശു കിട്ടുന്ന കാര്യം പറഞ്ഞാല്‍ കമിഴ്ന്നടിച്ച്‌ വീണോളും. അതുമല്ലെങ്കില്‍ എളുപ്പപ്പണിക്ക്‌ പിള്ള സാറിനു വേണോ എന്നു ചോദിക്കാം, എഴുപത്തയ്യായിരം തന്ന് ബാക്കി ലാഭം പുള്ളി എടുത്തോട്ടെ.

 ബാഹുലേയന്‍ ഫോണെടുത്തു പിള്ള സാറിനെ വിളിച്ചു, നേരം രാത്രി പത്തരയാണെന്നുകൂടി ഓര്‍ക്കാതെ. വളച്ചുകെട്ടില്ലാതെ നേരെ കാര്യം പറഞ്ഞു.

"സാറെ, ഉച്ചയ്ക്കു പറഞ്ഞ സംഗതി റെഡിയായിട്ടുണ്ട്‌"

 "എന്തോന്ന്?"

 "മരപ്പട്ടീടെ കാഷ്ടം, രണ്ടു പെട്ടിയുണ്ട്‌, സാറിനു തരട്ടേ?"

പിള്ള സാറിണ്റ്റെ അലര്‍ച്ചയായിരുന്നു മറുപടിയായി കേട്ടത്‌.

 "താനെന്താന്നോടോ വിചാരിച്ചിരിക്കുന്നത്‌? പാതിരാത്രി താനെന്താ ആളെ കളിയാക്കുവാണോ?"

ബാഹുലേയന്‍ ചുരുണ്ടു.

"അല്ല, സാറല്ലേ ഉച്ചയ്ക്ക്‌ പറഞ്ഞത്‌, ഇത്‌ വെച്ച്‌ കാപ്പിയുണ്ടാക്കിയാല്‍ .... വലിയ വിലപിടിച്ച കാപ്പിയാണെന്ന്. "

പിള്ള സാര്‍ ഒരു നിമിഷം നിശ്ശബ്ദനായി, പിന്നെ ശാന്തനായി.

 "താനിപ്പൊ എന്താ ചെയ്തത്‌?"

ബാഹുലേയന്‍ കാര്യം പറഞ്ഞു.

രണ്ടു പെട്ടി കാഷ്ടം കിട്ടിയിട്ടുണ്ട്‌, ഉണങ്ങിയതും ഉണങ്ങാത്തതും വെവ്വേറെ. ഇനീപ്പൊ ഇതൊന്നു വിറ്റാ മതി. "

എടൊ ബാഹുലേയാ, മരപ്പട്ടി ആദ്യം കാപ്പിക്കുരു തിന്നണം. അതിന്‌ കാപ്പി ദഹിക്കില്ല, അത്‌ അതേ പടി കാഷ്ടമായി പുറത്തു വരും. ആ കാപ്പിക്കുരു കഴുകി ഉണക്കി പൊടിച്ചാണ്‌ ഞാന്‍ പറഞ്ഞ കാപ്പി ഉണ്ടാക്കുന്നത്‌. തനിക്ക്‌ മനസ്സിലായോ"

ഉവ്വ്‌ സാര്‍, മനസ്സിലായി.

ഫോണ്‍ കട്ട്‌ ചെയ്ത ഉടനെ സകല ദേഷ്യവും പുറത്തു ചാടി, ബാഹുലേയന്‍ ഫോണിനെ നോക്കി അലറി,

"എടാ മരപ്പട്ടീ..." പിന്നെ അറിയാവുന്ന തെറിയെല്ലാം വേറെയും വിളിച്ചു.

ആ രാത്രിയില്‍ പലവട്ടം ബാഹുലേയന്‍ വീണ്ടും വിളിച്ചു.

എടാ മരപ്പട്ടീ..

എയ്‌, മരപ്പട്ടിയെത്തന്നെയാവും വിളിച്ചത്‌. 

Friday, November 2, 2012

പിള്ള സാറും കുട്ടപ്പനും

കുട്ടപ്പനും പിള്ള സാറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമാണ്‌ ഉള്ളത്‌. എന്തിനും ഏതിനും പിള്ള സാറിന്‌ കുട്ടപ്പന്‍ വേണം. ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌ ഈ കുട്ടപ്പനാണ്‌ പിള്ള സാറിണ്റ്റെ ഒരു റോള്‍ മോഡലെന്ന്‌ മറ്റു ചിലപ്പോള്‍ തോന്നും കുട്ടപ്പന്‍ പിള്ള സാറിണ്റ്റെ ഒരു വിശ്വസ്തനായ അനുയായി ആണെന്ന്‌ പക്ഷെ കുട്ടപ്പനെ ഞങ്ങളാരും കണ്ടിട്ടില്ല.

പിള്ള സാറിന്‌ പക്ഷെ കുട്ടപ്പനെ പുള്ളീടെ കുഞ്ഞു നാള്‍ മുതലേ തന്നെ അറിയുമായിരുന്നിരിക്കണം. കാരണമുണ്ട്‌, 1960- കളുടെ അവസാനകാലം. കന്യാകുമാരി ജില്ലയിലെ മാത്തൂരില്‍ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട്‌ ജലസേചനത്തിനായി ഒരു കനാല്‍ പാലം പണി ആരംഭിച്ചു. തൊട്ടിപ്പാലം എന്നു പേര്‌. തറ നിരപ്പില്‍ നിന്നും ഏതാണ്ട്‌ ഒരു നൂറ്‌ അടിയെങ്കിലും പൊക്കം വരും കനാല്‍ പാലത്തിന്‌. കനാലിനോടു ചെര്‍ന്ന്‌ ഒരു സൈക്കിളിനു പോകാനുള്ള വീതിയില്‍ ഒരു നടപ്പാതയും. പണി ഏതാണ്ട്‌ പൂര്‍ത്തിയാകാറായി. പാലത്തില്‍ കൈവരി വെച്ചിട്ടില്ല്ള. ഈ സമയം നാട്ടുകാര്‍ക്കിടയില്‍ ഒരു പന്തയം നടന്നു. കൈവരി വെക്കാത്ത പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവുട്ടി പോകണം. എപ്പോഴും വീശിയടിക്കുന്ന കാറ്റില്‍ അത്രയും ഉയരത്തില്‍ കയറി നടക്കുന്നതേ അപകടം, പിന്നല്ലേ സൈക്കിള്‍ ചവിട്ടുന്നത്‌. ആരും ഒന്നു മടിക്കും, പക്ഷെ ഒടുവില്‍ ഒരു തമിഴന്‍ വന്നു. സൈക്കിളിനു പിന്നില്‍ ഒരു ചാക്ക്‌ അരി വെച്ച്‌ കുട്ടപ്പനായി അയാള്‍ പാലത്തിനു മുകളിലൂടെ സൈക്കിള്‍ ചവിട്ടി പോയി. കണ്ടു നിന്ന പിള്ള സാറിണ്റ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും കുട്ടപ്പന്‍ ആളൊരു തമിഴനാണെന്ന്‌. എന്നാല്‍ അല്ല. വളര്‍ന്നപ്പോള്‍ പിള്ള സാറിനു ഡെല്‍ഹിയില്‍ ഒരു പണി കിട്ടി. ഒരു വലിയ അറവുശാലയില്‍. അവിടെ ഒരു മൃഗ ഡോക്ടറുണ്ട്‌. ഓരു പശുവിനെയോ പോത്തിനെയോ കണ്ടാല്‍ കുട്ടപ്പനായിട്ട്‌ പറയും, അതിന്‌ അസുഖമുണ്ടോ ഇല്ലയോ. മുറിച്ചു വെച്ച ഇറച്ചി കണ്ടാലും കുട്ടപ്പനായിട്ട്‌ പറയും, അത്‌ ഏത്‌ പോത്തിണ്റ്റെയാണ്‌, അസുഖം വന്ന പോത്താണോ എന്നൊക്കെ.


അപ്പോള്‍ കുട്ടപ്പന്‍ ഒരു ഡോക്ടറാണെന്നാണോ വിചാരം? അല്ലേയല്ല. പിള്ള സാറ്‌ ദില്ലി വിട്ട്‌ മഹാരാഷ്ട്രയിലേക്കു വന്ന കാലം. ടിവിയും ഫ്രിഡ്ജുമൊക്കെ ഉണ്ടാക്കുന്ന കമ്പനിയില്‍ പണി കിട്ടി. കമ്പനി മൊതലാളി മിസ്റ്റര്‍ പാലുണ്ണി പിള്ള സാറിണ്റ്റെ ആരാധനാ പാത്രമാണ്‌. പിള്ള സാര്‍ എപ്പോഴും പറയും, പാലുണ്ണി വളരെ കഴിവുള്ളവനാണ്‌, കമ്പനിയെക്കുറിച്ച്‌ എന്തു കാര്യം എപ്പോള്‍ ചോദിച്ചാലും കുട്ടപ്പനായിട്ട്‌ മറുപടി പറയും.





പിള്ള സാറിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് ഒരു പയ്യനുമായി മുടിഞ്ഞ പ്രേമം. വീട്ടുകാര്‍ അമ്പിനും വില്ലിനും അടുക്കില്ല. ഗത്യന്തരമില്ലാതെ കുട്ടി കാമുകനുമായി ഒളിച്ചോടി.  പിന്നാലെ വീട്ടുകാരും ചെന്നു. ബഹളമായി, തര്‍ക്കമായി, അനുരഞ്ജനമായി കരച്ചിലായി കണ്ണീരായി ഒടുവില്‍ ബന്ധം അംഗീകരിച്ച് കല്യാണവും കഴിപ്പിച്ചു, ഇപ്പോള്‍ കുട്ടപ്പനായി ജീവിക്കുന്നു.

പിള്ള സാറിന്റെ ജീവിതത്തിലെ കുട്ടപ്പന്റെ വ്യാപ്തിയും പ്രസക്തിയും  പക്ഷെ ഇതിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. പിള്ള സാറ്‌ വീട്ടിലൊരു D.T.H കണക്ഷനെടുത്തു. ഞങ്ങള്‍ ചോദിച്ചു, "എങ്ങനെയുണ്ട്‌ സാറെ, ടിവി സിഗ്നല്‍ ക്ളിയറാണോ". "പിന്നേ, നല്ല കുട്ടപ്പനായിട്ട്‌ കിട്ടുന്നുണ്ട്‌." ഈശ്വരാ, അതും കുട്ടപ്പനോ? മാത്രമോ, എന്തൊരു അതിശയം, തിരുവനന്തപുരത്തെ എഫ്‌ എം റേഡിയോ സിഗ്നലൊക്കെ കന്യാകുമാരിയിലെ തക്കലയിലും, തൃപ്പരപ്പിലുമൊക്കെ കുട്ടപ്പനായിട്ടാണെത്രെ കിട്ടുന്നത്‌.



എണ്റ്റെ വീട്ടില്‍ തുണി ഇസ്തിരിയിടാന്‍ ഒരു തമിഴന്‍ വരും. അതേ തമിഴന്‍ പിന്നെ പിള്ള സാറിണ്റ്റെ അടുത്തും ചെല്ലും. പക്ഷെ പിള്ള സാര്‍ പറയുന്നത്‌ ഈ തമിഴന്‍ കുട്ടപ്പനായിട്ടാണെത്രെ അവിടെ ഇസ്തിരിയിട്ടു കൊടുക്കുന്നത്‌. ജോലിക്കും പഠിക്കാനുമൊക്കെയായി വീട്ടില്‍ എല്ലാവരും പോയിക്കഴിഞ്ഞാല്‍, പിള്ള സാറും വീടും പൂട്ടി താക്കോലേല്‍പിച്ച്‌ ജോലിക്കു വരും. കുറെ കഴിഞ്ഞാല്‍ ഒരു ജോലിക്കാരി വന്ന്‌ വീട്‌ തുറന്ന്‌ കുട്ടപ്പനായിട്ട്‌ പണിയെടുത്ത്‌ പഴയതു പോലെ വീടും പൂട്ടി താക്കോലേല്‍പിച്ച്‌ പോകുമെത്രെ!! ഇതിനു മുന്‍പൊരു ജോലിക്കാരി വരുമായിരുന്നു, പക്ഷെ അവള്‍ കുട്ടപ്പനായിട്ട്‌ പണി ചെയ്യാറില്ല എന്ന ഒറ്റ കാരണം കൊണ്ടാണ്‌ അവളെ വേണ്ടെന്ന്‌ വെച്ചതെത്രെ! ഒരിക്കല്‍ ഒരു പെങ്കൊച്ച്‌ പിള്ള സാറിണ്റ്റെ കമ്പനിയില്‍ ഇണ്റ്റെര്‍വ്യൂവിനു വന്നു. ഏതാണ്ട്‌ സെലെക്ഷനായെന്ന്‌ ഉറപ്പായപ്പോള്‍ പിള്ള സാര്‍ പറഞ്ഞു, ഇവിടെ ഒരു ഭാവി ഉണ്ടാകണമെങ്കില്‍ കുട്ടപ്പനായിട്ട്‌ പണിയെടുക്കേണ്ടി വരും. ആ കുട്ടി ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.


N.B: ഇതു വായിച്ചതില്‍ പിന്നെ പിള്ള സാറ്‌  ഇടയ്ക്കിടെ വൈകിയാണ് ജോലിക്കു വരുന്നത്. പുള്ളിയ്ക്ക് ഒരു സംശയം, ശരിക്കും ആ ജോലിക്കാരി കുട്ടപ്പനായിട്ട് പണിയെടുക്കുന്നുണ്ടോ. ഇടയ്ക്കൊന്ന് ശ്രദ്ധിക്കുന്നത് നല്ലതല്ലേ.