Tuesday, May 29, 2007

പ്രതീതികള്‍

സ്വര്‍ഗ്ഗസുന്ദര മായികം പല ജീവിതാശകളെന്നിലായ്‌ 
രാഗലോലഭരം നിമീലികകള്‍ പകര്‍ന്നൊരുവേളയില്‍ 
രമ്യമായകിനാക്കളേറെ മനം നിറഞ്ഞുതുളുമ്പിയോ 
തൂമരന്ദകണം കിനിഞ്ഞഹൃദന്തമെന്തിനുവെമ്പിയോ

മന്ദഹാസമിളംനിലാവുതിരുന്നശോഭയിലെന്നുമേ 
ഇന്ദുകാന്തമുഖപ്രസാദവുമേകിനിന്നൊരു വേളയില്‍ 
നീറിനിന്നൊരു നൊമ്പരങ്ങളെയാറ്റുവാന്‍ സുഖസാന്ത്വനം 
ഏറെയേകി മനംകുളിര്‍ന്നു സുഖംനിറഞ്ഞുപരന്നുവോ 

വാക്കിലും, പല നോക്കിലും, ചില ഭാവമെന്നതിലൂടെയും
മൂകഭാഷയിലൂടെയും പലതും പറഞ്ഞൊരുവേളയില്‍ 
കങ്കണം കളനൂപുരം മണിനാദമോ കുളിരേകിയോ 
പൂങ്കവിള്‍ത്തടഭംഗി തേന്‍കനിയായി കണ്ടുകൊതിച്ചുവോ

വാനസീമവരേയ്ക്കുമെത്തിയ മോഹവും അഭിലാഷവും 
മൌനമാം നിമിഷങ്ങളായി മറഞ്ഞുപോയൊരുവേളയില്‍ 
പ്രേമചിന്തകളോമനിച്ചു ലയിച്ചുപോയ മനസ്സിലോ 
ഹേമവർണ്ണപരാഗരേണു കലർന്നുമിന്നിമിനുങ്ങിയോ

അര്‍ത്ഥശൂന്യമിതേവിധം കനവെന്തിനേ കണികാണ്‍മു നീ വ്യര്‍ത്ഥപൂരവുമായ ചിന്തയിലെന്തിനേ മുതിരുന്നു നീ സ്വപ്നമെന്നുമൊരിക്കലും ഒരു സത്യമായ്‌ വരുകില്ലെടോ 
വേനലില്‍ മലരെന്നപോലെ കരിഞ്ഞുപോകുവതില്ലയോ 

കണ്ടുകണ്ടു കൊതിച്ചുപോയൊരു രൂപവും അഭിലാഷവും വീണ്ടുമീവിധമര്‍ത്ഥശൂന്യമനേക, ഭംഗുരചിന്തയും 
സത്യമാം പലതും മറയ്ക്കുവതിന്നുമൊപ്പമതേവിധം 
വാസ്തവത്തിനുചേര്‍‍ന്നിടാത്തൊരു മൂഢലോകവുമേകിടും 

ബാഹ്യമായൊരുമോടികണ്ടു മദിച്ചുപോയൊരു മാനസം 
സ്നേഹമാം പനിനീരണിഞ്ഞു വസന്തമെത്തിയ വാടിയായ്‌ മോഹസൂനമരന്ദമഞ്ജരിയന്തരംഗമുതിര്‍‍ക്കവേ 
ദാഹമെന്നൊരു ശില്‍പി തീര്‍‍ത്തു പലേപ്രതീതി സമുച്ചയം 

മാരിവില്ലു നഭസ്സണിഞ്ഞതു പോലെയോ മരുഭൂവിലായ്‌ 
നീരുകിട്ടുമിടം കൊതിച്ചു നടന്നുപോവതുപോലെയോ 
കാണുവാനഴകുള്ളതും ഗമനപ്രചോദനമേകിലും വീണടിഞ്ഞകിനാക്കളൊക്കെ മനസ്സടക്കിടുമെങ്കിലും

എന്തിനെന്നുമറിഞ്ഞിടാതെ, മനസ്സിലേറ്റിയൊരാഗ്രഹം 
സ്വന്തമാകുവതിന്നുമുമ്പു വരച്ചൊരീ ജലരേഖകള്‍ 
ദൂരെനിന്നൊരു നോക്കിലൂടെയളന്നതിന്നുമനന്തരം 
ചാരെവന്നു ഗണിച്ചുനോക്കുകിലെത്ര കൃത്യതവന്നിടും?

മാനസദ്വയമൊത്തുചേര്‍ന്നു പരസ്പരം അറിയുമ്പൊഴോ അന്നുകണ്ടുകൊതിച്ചുപോയതു, മത്രയേറെയുറച്ചതായ്‌
വിശ്വസിച്ചതു,മെത്രസാന്ത്വനമെത്രയേകിടുമെന്നപോല്‍ 
ആശ്വസിച്ചതുമായ കല്‍പനയെത്രകണ്ടു ഫലിച്ചിടും?

 

വൃത്തം : മല്ലിക

No comments: